കൊച്ചി: വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ, ആള്‍ദൈവമെന്ന് സ്വയം പ്രഖ്യാപിച്ച സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 11.05 ഓടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവന്‍. പിന്നീട് ജയില്‍ മോചിതനായിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആള്‍ദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ഇയാള്‍, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. 2008-ലാണ് സന്തോഷ് മാധവന്‍റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാള്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതല്‍ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.
