. ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് രാജിവച്ചത്
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ഇന്ത്യന്‍ ഓവര്‍സിസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. സാം പിത്രോദയുടെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അംഗീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് അറിയിച്ചു.
വടക്കുകിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയാണെന്നും തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണ് സാം പിത്രോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെ ആണെന്നും പിത്രോദ പറഞ്ഞിരുന്നു. പ്രസ്താവനയെ കോണ്‍ഗ്രസ് നേതാക്കള്‍ തള്ളിക്കളഞ്ഞപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ പരിഹാസത്തിനും വിമര്‍ശനത്തിനും കാരണമായി.
ഇന്ത്യയുടെ വൈവിധ്യത്തിന് ഉദാഹരണമെന്ന് സൂചിപ്പിച്ചാണ് പ്രസ്താവന സാം പിത്രോദ നടത്തിയത്. വ്യത്യസ്തതകളുണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നും എല്ലാ ഭാഷകളെയും ബഹുമാനിക്കുന്നവരാണെന്നും പിത്രോദ പറഞ്ഞിരുന്നു. എന്നാല്‍, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ്മയും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗും പ്രതികരിച്ചു. പിത്രോദയുടെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്‍റെ നിലപാട് അല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാം പിത്രോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. പിത്രോദ തെക്കേ ഇന്ത്യക്കാരെ നിറത്തിന്‍റെ പേരില്‍ അധിക്ഷേപിച്ചുവെന്നും ചര്‍മ്മത്തിന്‍റെ നിറമാണോ പൗരത്വം നിര്‍ണ്ണയിക്കുന്നതെന്നും മോദി ചോദിച്ചു.