വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശനം; പലയിടത്തും സംഘര്‍ഷം

Kerala

തിരുവനന്തപുരം:വിവാദമായ ബിബിസി ഡോക്യുമെന്‍ററിക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയിരിക്കെ ഡോക്യുമെന്‍ററി വിവിധയിടങ്ങളില്‍ പ്രദര്‍ശിപ്പിച്ച് യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍. ഇടതു സംഘടനകളും യൂത്ത്കോണ്‍ഗ്രസുമാണ് ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ യുവമോര്‍ച്ചയും എബിവിപിയും ബിജെപിയും രംഗത്തിറങ്ങിയതോടെ പലയിടത്തും സംഘര്‍ഷാവസ്ഥയുണ്ടായി.കോഴിക്കോട്ട് മുതലകുളം സരോജ് ഭവനിലും തിരുവനന്തപുരം ലോ കോളജിലും കൊച്ചിയില്‍ ലോ കോളജിലും കലൂര്‍ ബസ് സ്റ്റാന്‍ഡിലും പാലക്കാട് വിക്ടോറിയ കോളജിലും ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനത്തിന് കണ്ണൂര്‍ സര്‍വകലാശാല അനുമതി നിഷേധിച്ചു.പൂജപ്പുരയില്‍ വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനിടെ ബിജെപിയും യുവമോര്‍ച്ചയും നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ആറ് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി.ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രദര്‍ശനം നടന്നത്. കാലടി സര്‍വകലാശാലയിലും പ്രദര്‍ശനം നടന്നു.ഇവിടെ പ്രതിഷേധവുമായി യുവമോര്‍ച്ച എത്തിയത് സംഘര്‍ഷാവസ്ഥയുണ്ടായി.ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യപ്രദര്‍ശനം കേരളത്തില്‍ തിരുവനന്തപുരം ലോ കോളേജിലാണ് നടന്നത്.കോളേജ് അധികൃതരുടെ നിര്‍ദ്ദേശം മറികടന്നാണ് പ്രദര്‍ശനം നടന്നത്. വിവാദ ബിബിസി ഡോക്യുമെന്‍ററി എസ് എഫ് ഐയുടെ നേതൃത്വത്തില്‍ പാലക്കാട് വിക്ടോറിയ കോളജില്‍ പ്രദര്‍ശിപ്പിച്ചു. മലയാള വിഭാഗത്തിലായിരുന്നു പ്രദര്‍ശനം.
നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തി. കോളജ് കവാടം തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എസ് എഫ് ഐ പ്രവര്‍ത്തകരും ക്യാംപസ് കവാടത്തില്‍ നിലയുറപ്പിച്ചതോടെ കൂടുതല്‍ പൊലീസെത്തി സുരക്ഷ ഉറപ്പാക്കി.ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കത്തിന് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സുപ്രീംകോടതിയെയും രാജ്യത്തെയും വെല്ലുവിളിക്കുന്ന നടപടിയാണ് വിലക്കിയ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിലൂടെ ചില യുവജന സംഘടനകള്‍ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു.ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കെതിരായി നടക്കുന്ന ബോധപൂര്‍വമായ നീക്കത്തിന്‍റെ ഭാഗമാണ്. ഇത്തരം നീക്കങ്ങളെ യുവമോര്‍ച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.അതിനിടെ ബിബിസിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം തടയുന്നതിനെതിരെ ജനകീയ പ്രതിരോധം വേണമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *