വിവാദപരാമര്‍ശം പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍

Latest News

. രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള കേക്കും വീഞ്ഞും രോമാഞ്ചം പരാമര്‍ശം പിന്‍വലിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മണിപ്പൂര്‍ വിഷയത്തിലെ തന്‍റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. തന്‍റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ കലാപം ഇല്ലായ്മ ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. ഇപ്പോഴും അവിടെ സംഘര്‍ഷം തുടരുകയാണ്. കലാപം തുടങ്ങി മാസങ്ങളായിട്ടും പ്രധാനമന്ത്രി കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയൊ പാര്‍ലമെന്‍റില്‍ ഇത് സംബന്ധിച്ച് ഒരു പ്രസ്താവന നടത്താനോ തയ്യാറായിട്ടില്ല. ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ നിലപാടായിട്ടാണ് കാണുന്നത്. രാജ്യത്തെ മുസ്ലിം വിഭാഗത്തിനെതിരെയും അക്രമം വര്‍ദ്ധിച്ചു. ജനാധിപത്യവിരുദ്ധമായ അക്രമ സംഭവങ്ങള്‍ക്കെതിരായ നിലപാടാണ് താന്‍ പറയാന്‍ ഉദ്ദേശിച്ചത്. മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പറയേണ്ടതായിരുന്നുവെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചം ഉണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം മറന്നുവെന്നുമായിരുന്നു മന്ത്രി സജി ചെറിയാന്‍റെ വിവാദപരാമര്‍ശം. ആലപ്പുഴ പുന്നപ്രയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പരാമര്‍ശം.
സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് കത്തോലിക്ക ബാവ രംഗത്തെത്തിയിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നും സര്‍ക്കാരുമായി സഹകരിക്കില്ലെന്നും കത്തോലിക്ക ബാവ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ പരാമര്‍ശം പിന്‍വലിക്കുന്നതായി അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *