വിവരാവകാശ കമ്മീഷന്‍ ഹിയറിങ് : 48 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു

Top News

കോഴിക്കോട് :വിവരാവകാശ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ ഹിയറിങ്ങില്‍ 48 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു.യഥാസമയം പൊതുജനങ്ങള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന രേഖകള്‍ ലഭിക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്താനാണ് കമ്മീഷന്‍ ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിഗണിച്ച എല്ലാ കേസുകളിലും തീരുമാനമായിട്ടുണ്ടെന്നും വിശദമായ ഉത്തരവ് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുവിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.ലഭ്യമാക്കാവുന്ന രേഖകള്‍ അപേക്ഷകര്‍ക്ക് അദാലത്ത് ദിവസം ലഭ്യമാക്കിയിട്ടുണ്ട്. സ്വീകരിച്ച പരാതികള്‍ അപേക്ഷ സമയത്ത് പരാതിക്കാരന് ലഭ്യമായോ എന്നു കമ്മീഷന്‍ പരിശോധിച്ചു. ദേശ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ ഒഴികെ മറ്റെല്ലാ വിവരങ്ങളും ജനങ്ങള്‍ക്ക് യഥാസമയം നല്‍കാന്‍ കഴിയണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
ജനങ്ങള്‍ വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ കുറിച്ചും, സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കാതെ സ്വന്തം താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചും കമ്മീഷന്‍ സംസാരിച്ചു. അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കുമെന്നും പിഴ ചുമത്തേണ്ട കേസുകളില്‍ പിഴ ചുമത്തുമെന്നും കമ്മീഷന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അദാലത്ത് നടത്തുമെന്നും കമ്മീഷന്‍ പറഞ്ഞു.പരാതികള്‍ വേഗം പരിഹരിക്കപ്പെടണം എന്ന ഉദ്ദേശത്തോടെ രണ്ടുദിവസം നീളുന്ന ഹിയറിങ്ങാണ് ജില്ലയില്‍ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *