തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം തുറമുഖ വിരുദ്ധസമിതി പ്രവര്‍ത്തകര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. ശനിയാഴ്ചത്തെ പ്രതിഷേധത്തില്‍ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്നാണ് ആവശ്യം. പൊലീസ് ജീപ്പുകള്‍ക്കും വാനുകള്‍ക്കും ബൈക്കുകള്‍ക്കും സമരക്കാര്‍ നാശം വരുത്തി. വാഹനങ്ങള്‍ റോഡില്‍ മറിച്ചിട്ടു. സ്റ്റേഷനില്‍ കയറി ഫര്‍ണിച്ചറുകളും വയര്‍ലെസ് സെറ്റുകള്‍ക്കും കേടുവരുത്തി. നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു. സമരക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ് നടത്തി.കൂടുതല്‍ പൊലീസുകാരെ സംഭവസ്ഥലത്ത് വിന്യസിച്ചു.
ശനിയാഴ്ചത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ പത്തോളം കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.ഇതില്‍ ഒമ്പത് കേസുകളും തുറമുഖത്തിനെതിരെ സമരം നടത്തിയവരുടെ പേരിലാണ്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ അടക്കമുള്ള സംഘം പൊലീസ് സ്റ്റേഷനില്‍ എത്തി.നേരത്തെ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതികളും സംഘത്തില്‍ ഉണ്ടായിരുന്നു.പൊലീസും ഈ സംഘവും തമ്മില്‍ വാക്കറ്റം ഉണ്ടായി. മോചിപ്പിക്കാന്‍ എത്തിയ സംഘത്തിലെ പ്രതികളായവരോട് പൊലീസ് സ്റ്റേഷനില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചു.ഇതേ തുടര്‍ന്നാണ് വന്‍ സംഘര്‍ഷം ഉടലെടുത്തത്.
രണ്ടായിരത്തോളം സമരക്കാര്‍ സംഭവസ്ഥലത്ത് തമ്പടിച്ചിട്ടുണ്ടായിരുന്നു.ഏറെ സമയത്തെ കഠിനാധ്വാനത്തിനു ശേഷം പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധക്കാരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ പൊലീസിനായി. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ എത്തിച്ചു.ഒരു പോലീസുകാരന്‍റെ നീല ഗുരുതരമാണ്.പ്രാദേശിക മാധ്യമപ്രവര്‍ത്തകനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.