തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണ പദ്ധതി പ്രദേശത്ത് നടത്തി വരുന്ന രാപ്പകല്‍ ഉപരോധ സമരത്തില്‍ ക്രമസമാധാനം സംരക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു, ഭക്ഷ്യവകുപ്പു മന്ത്രി ജി. ആര്‍ അനില്‍ എന്നിവരും പങ്കെടുത്തു.
മേയര്‍ ആര്യ രാജേന്ദ്രന്‍, എം വിന്‍സന്‍റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുരേഷ്കുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ അതിരൂപതാ പ്രതിനിധികളായ ഫാദര്‍ മൈക്കിള്‍ തോമസ്, ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് എന്നിവരും സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തു.