സമരം പിന്‍വലിച്ചത് പൂര്‍ണ്ണ തൃപ്തിയോടെയല്ല, വിട്ടുവീഴ്ച ചെയ്തുവെന്ന് സമരസമിതി
വാടക പൂര്‍ണമായി സര്‍ക്കാര്‍ നല്‍കും
തീരശോഷണം പഠിക്കാന്‍ വിദഗ്ധ സമിതി
ജോലിയില്ലാത്ത അവസരങ്ങളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള സമരം ഒത്തുതീര്‍പ്പായി. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ചീഫ് സെക്രട്ടറിയുമായും മന്ത്രിസഭ ഉപസമിതിയുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.140-ാം ദിവസമാണ് സമരം അവസാനിപ്പിച്ചത്.
മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച പ്രധാനആവശ്യങ്ങളില്‍ ഒന്നും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കിലും സമവായത്തിന്‍റെ ഭാഗമായി സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ . യൂജിന്‍. എച്ച്.പെരേര അറിയിച്ചു. ചര്‍ച്ചയില്‍ പൂര്‍ണ്ണതൃപ്തി ഇല്ലെന്നും വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അവസാനിച്ചത് സമരത്തിന്‍റെ ഒന്നാംഘട്ടമാണ്. ഏതൊരു സമരത്തിനും വിവിധ ഘട്ടങ്ങള്‍ ഉണ്ടാകുമെന്ന് കര്‍ഷകസമരം ഓര്‍മിപ്പിച്ച് ഫാദര്‍. യുജിന്‍. എച്ച്. പെരേര പറഞ്ഞു.
കാലാവസ്ഥവ്യതിയാനം മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്ത ദിവസം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. തീരശോഷണത്തില്‍ വിദഗ്ധസമിതിയുമായി ചര്‍ച്ച നടത്തും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് വിലയിരുത്തലുകള്‍ക്ക് ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ മോണിറ്ററിംഗ് കമ്മിറ്റിയെ നിയമിക്കും. ഇതില്‍ സര്‍ക്കാര്‍ പ്രതിനിധിയും സമരസമിതി പ്രതിനിധിയുമുണ്ടാകും. വീടു നഷ്ടപ്പെട്ടവര്‍ക്കുള്ള വാടക പൂര്‍ണമായി സര്‍ക്കാര്‍ നല്‍കും. 5500 രൂപയാണ് നല്‍കുക.രണ്ടുമാസത്തെ വാടക മുന്‍കൂറായി നല്‍കാനും തീരുമാനമായി. 8000 രൂപ വേണമെന്നായിരുന്നു സമരസമിതിയുടെ ആവശ്യം.അദാനിഫണ്ടില്‍ നിന്ന് 2500 രൂപ നല്‍കാമെന്ന വാഗ്ദാനം സമരസമിതി സ്വീകരിച്ചില്ല.