വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണപദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്‍റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമം. ഹരിതോര്‍ജ്ജ വരുമാനപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരക്കാരുടെ എല്ലാ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിഴിഞ്ഞംപദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്‍റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നാടിന് ആവശ്യമുള്ള പദ്ധതിയെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍, നാടിന്‍റെ ഭാവിയില്‍ താല്‍പര്യമുള്ള എല്ലാവരും സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും എന്നാണ് സര്‍ക്കാറിന്‍റെ പ്രതീക്ഷ. ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാരിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസനപദ്ധതികളില്‍ പിന്നോട്ട് പോകില്ല. പദ്ധതി നിര്‍ത്തിവയ്ക്കണം എന്ന മുദ്രാവാക്യം അംഗീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സര്‍ക്കാര്‍ വന്നു എന്ന പേരില്‍ നിര്‍ത്തലാക്കാന്‍ കഴിയില്ല. അങ്ങനെ പദ്ധതി നിര്‍ത്തിവച്ചാല്‍ അത് മോശം സന്ദേശം നല്‍കും. പദ്ധതിക്കെതിരെ അഭിപ്രായവ്യത്യാസം നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, നടപ്പിലാക്കിയ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകേണ്ടതി ല്ല.പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പദ്ധതി കൊണ്ട് തീരശോഷണം സംഭവിച്ചില്ല എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെ കാണാന്‍ വന്നു. അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നു. പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നു. ഈ പദ്ധതിയുടെ ഭാഗമായി തീരശോഷണം ഉണ്ടായിട്ടില്ലെന്നും ഏതെങ്കിലും രീതിയില്‍ തീരശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കാം എന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് സര്‍ക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ല. നാടിന്‍റെ മുന്നോട്ടു പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണ്.നാടിന്‍റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പൊലീസിനെതിരെ വ്യാപകമായി അക്രമം നടത്തി. പൊലീസ് ഓഫീസറുടെ കാല് തല്ലിയൊടിച്ചു. ഒരിക്കലും നടക്കില്ല എന്ന് നമ്മള്‍ കരുതിയ സംഭവമാണ് നടന്നത്. ഇത് എന്തിന് വേണ്ടിയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *