വിഴിഞ്ഞം ഉപരോധസമരം: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്

Kerala

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപകല്‍ സമരം ഇന്നലെ മൂന്നാം ദിവസവും ശക്തമായി തുടര്‍ന്നു . വിഴിഞ്ഞം പദ്ധതി നിര്‍മാണം നടക്കുന്നിടത്തേക്ക് ബൈക്ക് റാലിയായി എത്തിയ സമരക്കാര്‍ പൊലീസിന്‍റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു.
അതേസമയം, പ്രശ്നത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായി. റവന്യൂ- തുറമുഖ- ഫിഷറീസ് മന്ത്രിമാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തും. ഫിഷറീസ് മന്ത്രി ഡല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയാല്‍ തീരുമാനം ഉണ്ടാകും. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. ചര്‍ച്ച എന്നാണ് നടക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയിലുള്ള ഫിഷറീസ് മന്ത്രി ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഇന്നു വൈകിട്ടോടെ ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ചയ്ക്ക് സാധ്യതയുണ്ട്.
കരുങ്കുളം, പുല്ലുവില ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നലെ സമരം നടന്നത്. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം മുല്ലൂരിലെ സമരപ്പന്തലിലെത്തി. ഇതേ മാതൃകയില്‍ 31വരെ സമരം തുടരാനാണ് നിലവിലെ തീരുമാനം. സ്ഥലത്തെ പൊലീസ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നേരത്തെ ജില്ലാ ഭരണകൂടം ചര്‍ച്ചയ്ക്ക് വിളിച്ചുവെങ്കിലും ക്രമസമാധാന വിഷയങ്ങളില്‍ അല്ല ചര്‍ച്ച വേണ്ടത് എന്ന നിലപാടിലാണ് അതിരൂപത.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഉപരോധ സമരം നടത്തുന്നത്. അതിനിടെ വിഞ്ഞത്തെ മത്സത്തൊഴിലാളികളുടെ സമരപന്തലില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെത്തി. കോണ്‍ഗ്രസ് നേരത്തെ തന്നെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *