തൃശൂര്‍:ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയില്‍ വിള്ളല്‍ കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില്‍ പൂര്‍ണമായും പുനര്‍നിര്‍മിക്കണമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വിള്ളലുണ്ടായ ഭാഗത്ത് ടാറിംഗ് നടത്തിയതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടില്ല. കരാര്‍ കമ്പനിയുടെ ചെലവില്‍
തകര്‍ന്ന റോഡ് പുനര്‍നിര്‍മാണം ശാസ്ത്രീയവും സമഗ്രവുമായ രീതിയില്‍ നിര്‍മിക്കണം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിര്‍ദേശം.
പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയില്‍ ശക്തമായ പാര്‍ശ്വഭിത്തി നിര്‍മിക്കണം. ഇതിനായി അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്‍ത്തീകരിക്കണം. അതുവരെ വിള്ളലുണ്ടായ ഭാഗത്ത് ഓരോ ലെയിന്‍ വഴി മാത്രം വാഹനങ്ങള്‍ കടത്തിവിടും. എല്ലാ സാങ്കേതിക സംവിധാനങ്ങളോടും കൂടി അറ്റകുറ്റപ്പണി സംഘത്തിന്‍റെ സേവനം കരാര്‍ കമ്പനി ഉറപ്പാക്കണം.
സമയബന്ധിതമായി നടപ്പിലാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കും. അപകടങ്ങളുണ്ടായാല്‍ ദുരന്തനിവാരണ നിയമ പ്രകാരം നടപടി കൈക്കൊള്ളും. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാന്‍ സിറ്റി പൊലിസ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ദേശീയപാതയില്‍ നിര്‍ദിഷ്ട ഡിസൈന്‍ പ്രകാരമുള്ള തെരുവുവിളക്കുകള്‍, സൈന്‍ബോര്‍ഡുകള്‍ തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ റോഡ് സുരക്ഷാ അതോറിറ്റിക്ക് മന്ത്രി നിര്‍ദേശം നല്‍കി. പുതുതായി സ്ഥാപിക്കേണ്ട സ്ഥലങ്ങളും ഉള്‍പ്പെടുത്തണം. വെള്ളക്കെട്ട് പ്രശ്ന സാധ്യത പരിശോധിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. റോഡ് നിര്‍മാണത്തിനായി വഴുക്കുംപാറയില്‍ നിന്ന് നീക്കം ചെയ്ത പാറയുടെ പാറയുടെ അളവ് കണ്ടെത്തണം. അവ എങ്ങോട്ടാണ് കൊണ്ട്പോയതെന്ന് അന്വേഷിച്ച് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. യോഗത്തില്‍ ടി.എന്‍. പ്രതാപന്‍ എംപി, കലക്ടര്‍ വി.ആര്‍.കൃഷ്ണ തേജ, റോഡ് സേഫ്റ്റി കമ്മീഷണര്‍ എസ്. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. രവീന്ദ്രന്‍, എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ ബിപിന്‍ മധു തുടങ്ങിയവര്‍ പങ്കെടുത്തു.
