ന്യൂഡല്‍ഹി: പാചകവാതക, ഇന്ധന വിലവര്‍ധനവുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ധനയിലൂടെ സര്‍ക്കാര്‍ 23 ലക്ഷം കോടി രൂപയാണ് ഉണ്ടാക്കിയത്. ഈ വരുമാനവും ജിഎസ്ടിയും സേവനനികുതിയും കേന്ദ്രസര്‍ക്കാരിന്‍റെ ചങ്ങാതികളായ കുത്തകകള്‍ക്കു മാത്രമാണു ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ജിഡിപിയില്‍ ഉണ്ടായ വര്‍ധന എന്നത് പെട്രോള്‍, ഡീസല്‍, പാചക വാതക വിലവര്‍ധനയുടെ ഫലം മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചു. യുപിഎ സര്‍ക്കാര്‍ അധികാരം വിടുമ്പോള്‍ ഒരു പാചകവാതക സിലിണ്ടറിന്‍റെ വില 410 രൂപയായിരുന്നു. ഇപ്പോഴത് 885 രൂപയായി. 116 ശതമാനമാണ് വര്‍ധന. പെട്രോളിന്‍റെ വില ഇക്കാലയളവില്‍ 42 ശതമാവും ഡീസല്‍ വില 55 ശതമാനവും വര്‍ധിച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ചാണ് ഇന്ധനവില വര്‍ധിക്കുന്നതെന്നാണ് ന്യായീകരണം. എന്നാല്‍, 2014 മുതല്‍ അന്താരാഷ്ട്ര വിലയില്‍ ഇടിവുണ്ടായിട്ടും ഇന്ത്യയില്‍ ഇന്ധനവില വര്‍ധിക്കുകയായിരുന്നു എന്നും രാഹുല്‍ കുറ്റപ്പെടുത്തി. സാമ്പത്തിക രംഗം വിലയിരുത്തുമ്പോള്‍ 1990ല്‍ ഉണ്ടായിരുന്ന അവസ്ഥയേക്കാള്‍ ഇന്ത്യ ഇന്ന് ഏറെ പിന്നോട്ടു പോയിരിക്കുന്നു. അക്കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയുടെ കാഴ്ചപ്പാട് തന്നെ മാറ്റിയിരുന്നു. എന്നാല്‍, അതൊന്നുംതന്നെ ഇപ്പോള്‍ സംഭവിക്കുന്നേയില്ല. 1991 മുതല്‍ 2012 വരെയുണ്ടായിരുന്ന സമ്പദ്ഘടന ഇപ്പോള്‍ അനക്കമില്ലാതെ നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്‍റെ കാലത്ത് 2012ലും സാമ്പത്തിക രംഗത്ത് പ്രതികൂല വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഉള്‍ക്കൊള്ളുന്നു. എന്നാല്‍, നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം എല്ലാറ്റിലും അടിമുടി മാറ്റമുണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇതാണോ ഇന്ത്യന്‍ യുവതയുടെ ഭാവി എന്നു ചോദിക്കുകയാണ്. ജിഎസ്ടിയില്‍നിന്ന് നേട്ടമുണ്ടായില്ല. കാര്‍ഷിക നിയമങ്ങള്‍ ഉപകാരപ്പെടുന്നതല്ല. രാജ്യത്തെ യുവാക്കളെല്ലാംതന്നെ ഇക്കാര്യങ്ങളെക്കുറിച്ചു ചിന്തിക്കണമെന്നും രാഹുല്‍ പറഞ്ഞു.