തിരുവനന്തപുരം: പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ നിര്‍ണായക ഇടപെടലുമായി മോദി സര്‍ക്കാര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലതതില്‍ സാധാരണക്കാരെ ഒപ്പം നിറുത്താന്‍ 29 രൂപയ്ക്ക് ഭാരത് റൈസ് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും എത്തിക്കും.ഇതില്‍ കേരളത്തിനുള്ള ആദ്യ ലോഡ് ഇന്നലെ എത്തി. ഭാരത് റൈസ് വാഹനത്തിന്‍റെ കേരളത്തിലെ ഫ്ളാഗ് ഓഫ് ഇന്നലെ തൃശൂരില്‍ നടന്നു. വില്പന ഉടന്‍ ആരംഭിക്കും. ഭാരത് അരി വാങ്ങാന്‍ റേഷന്‍ കാര്‍ഡ് വേണ്ട. പത്തു കിലോ വരെ ഒറ്റത്തവണ വാങ്ങാന്‍ കഴിയും.
നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ (എന്‍.സി.സി.എഫ്), കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴിയാണ് വില്പന. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലാകും ലഭിക്കുക. സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകള്‍ എന്‍.സി.സി.എഫ് ഉടന്‍ തുറക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍,സ്വകാര്യ സംരംഭകര്‍ മുഖേനയും വില്പന നടത്തും. ഓണ്‍ലൈന്‍ വ്യാപാര സൗകര്യവും ഒരുക്കും. എഫ്.സി.ഐയില്‍ നിന്നാണ് അരി ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചില്ലറവിപണി വില്പനയ്ക്കായി 5 ലക്ഷം ടണ്‍ അരിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് റീട്ടെയിലായി അരി വാങ്ങാം. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും ഭാരത് അരി വാങ്ങിക്കാം.
അരി വിപണിയിലെത്തിക്കുന്നതിനു മുന്നോടിയായി നിലവിലുള്ള സ്റ്റോക്ക് കണക്കുകള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ വ്യാപാരികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിലക്കയറ്റം,മറിച്ചു വില്പന എന്നിവയുടെ നിയന്ത്രണത്തിനു വേണ്ടിയാണ് എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും വന്‍കിട, ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍ തുടങ്ങിയവരോട് കണക്കുകള്‍ നല്‍കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. അരിയുടെ കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കില്ല.
അരിക്ക് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആഭ്യന്തര വിപണിയിലെ അരിവില താഴാതെ നില്‍ക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അരിയുടെ ചില്ലറവില്പന വില 14.5%, മൊത്ത വില്പന വില 15.5% എന്നിങ്ങനെ വര്‍ധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23 ഏപ്രില്‍ ജനുവരി കാലയളവുമായി താരതമ്യം ചെയ്യുമ്ബോള്‍ 2024 ജനുവരിയില്‍ ഇതുവരെ ഇന്ത്യയുടെ അരി കയറ്റുമതിയില്‍ ഏകദേശം 6% കുറവാണ് ഉണ്ടായിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന 5 ലക്ഷം ടണ്ണിന് ഡിമാന്‍ഡ് വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ അരി വിപണിയില്‍ ലഭ്യമാക്കും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അരിയുടെ വില 15% വര്‍ധിച്ചിരുന്നു. നിലവില്‍ ഭാരത് കടല (ഭാരത് ചന്ന) കിലോയ്ക്ക് 60 രൂപയ്ക്കും, ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയ്ക്കും സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. ഇവയ്ക്ക് രണ്ടിനും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.