ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ അവശ്യ സാധനങ്ങളുടെ വിലയിലും വര്‍ധനവെന്ന് റിപ്പോര്‍ട്ട്.പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് മാത്രമല്ല അവശ്യസാധനങ്ങളായ പാല്‍, ചിക്കന്‍ എന്നിവയുടെയും വില ഇരട്ടിയായി വര്‍ധിച്ചു. പാലിന്‍റെ വില ലിറ്ററിന് 210 രൂപയായാണ് വര്‍ധിച്ചത്. കൂടാതെ ഒരു കിലോഗ്രാം കോഴിയിറച്ചിയ്ക്ക് വില 780 രൂപയാണ്. രാജ്യത്തെ അവശ്യസാധനങ്ങളുടെ വില വര്‍ധനവ് ജനങ്ങളെ വലയ്ക്കുകയാണ്.
അതേസമയം പെട്രോള്‍, ഡീസല്‍ വിലയിലും കാര്യമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ പാകിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 272 രൂപയാണ്. ഡീസലിന് 17 രൂപ വര്‍ധിച്ച് ലിറ്ററിന് 280 രൂപയായി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് പരിഹാരമായി കഴിഞ്ഞ ദിവസമാണ് ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സാധനങ്ങളുടെ വില കുത്തനെ കൂടിയത്.നിലവില്‍ പെട്രോളിന് 22.20 രൂപയാണ് വര്‍ധിച്ചത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 202.73 രൂപയാണ് വില. 12.90 രൂപയാണ് മണ്ണെണ്ണയ്ക്ക് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച മിനി ബജറ്റില്‍ ചരക്കുസേവന നികുതി 18 ശതമാനമായാണ് പാക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി വരുതിയിലാക്കാന്‍ 170 ബില്യണ്‍ പാക് രൂപയായി വരുമാനം ഉയര്‍ത്താനാണ് ചരക്കു സേവന നികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചത്.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം പകുതിയോടെ രാജ്യത്തിന്‍റെ പണപ്പെരുപ്പം ശരാശരി 33 ശതമാനമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘പാക് സമ്പദ് വ്യവസ്ഥയെ പഴയരീതിയിലേക്ക് കൊണ്ടുവരാന്‍ ഐഎംഎഫിന്‍റെ സഹായം മാത്രം മതിയാകില്ല. കൃത്യമായ സാമ്പത്തിക മാനേജ്മെന്‍റിലൂടെ മാത്രമെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുകയുള്ളൂ,’ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധ കത്രീന എള്‍ പറഞ്ഞു.