ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടില്‍ ശാരീരിക ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരന് സഹായവുമായി കേന്ദ്രമന്ത്രി.ഡോക്ടര്‍ കൂടിയായ ധനവകുപ്പ് സഹമന്ത്രി ഭഗവത് കാരാഡാണ് സഹയാത്രികന്‍റെ അസ്വസ്ഥ തിരിച്ചറിഞ്ഞ് സമയോചിതമായി ഇടപെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍ നിന്നും മുംബയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരന്‍ തനിക്ക് തലചുറ്റുന്ന കാര്യം വിമാനത്തിലെ ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് ഡോ.കാരാഡ് അരികിലെത്തി പരിശോധിച്ചത്.
വിയര്‍ത്തൊലിച്ച യാത്രക്കാരന് ഗ്ലൂക്കോസ് നല്‍കാന്‍ നിര്‍ദ്ദേശിച്ചതും അദ്ദേഹമാണ്. വിമാനത്തിലെ മറ്റുയാത്രക്കാര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ കേന്ദ്രമന്ത്രിയെ തേടി അഭിനന്ദനങ്ങളെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ കാരാഡിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കിട്ടു. തങ്ങളുടെ യാത്രക്കാരനെ സഹായിച്ചതിന് ഇന്‍ഡിഗോ വിമാനക്കമ്പനി ചിത്രം സഹിതം പങ്കുവച്ചാണ് കാരാഡിന് അഭിനന്ദനം അറിയിച്ചത്.