ദോഹ: കാബൂളിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന അമേരിക്കന്‍ വ്യോമസേനാ വിമാനത്തിന്‍റെ ചിറകിലും ടയറിലുമായി നിരവധിപേര്‍ കയറിപറ്റാന്‍ ശ്രമിക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. ഇപ്പോഴിതാ രക്ഷപ്പെട്ടവരുമായി തിരികെയെത്തിയ വിമാനത്തിന്‍റെ ടയറില്‍ മനുഷ്യശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചിരിക്കുകയാണ് അമേരിക്കന്‍ വ്യോമസേന.
അമേരിക്കന്‍ വ്യോമസേനയുടെ സി17 വിമാനമാണ് കാബൂളില്‍ നിന്ന് രക്ഷപ്പെട്ട 600 ലധികം പേരുമായി ഖത്തറില്‍ ഇറങ്ങിയത്. 130ഓളം പേര്‍ക്ക് കയറാവുന്ന വിമാനത്തില്‍ 600ലധികം പേരുണ്ടെന്ന് കേട്ട് ഖത്തര്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ അത്ഭുതപ്പെട്ട വിവരം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. വിമാനം പുറപ്പെടുന്ന സമയത്ത് കയറിപറ്റാന്‍ ശ്രമിച്ച ചിലര്‍ താഴെവീണ് മരിച്ചതിന്‍റെ ദയനീയ കാഴ്ചകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അമേരിക്കന്‍ വ്യോമസേന അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോ, സമൂഹമാദ്ധ്യമ തെളിവുകള്‍ പരിശോധിച്ചാകും അന്വേഷണം. വലിയ സുരക്ഷാ പ്രശ്നമാകുമെന്ന് കണ്ടാണ് കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് കൊളളാവുന്നത്ര യാത്രക്കാരുമായി വിമാനം ഖത്തറിലേക്ക് പറന്നത്.