വിമാനങ്ങളെത്തി; എയര്‍ഷോ ഒരുങ്ങി

Top News

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ എയറോസ്പേസ് എക്സിബിഷനായ ദുബൈ എയര്‍ഷോക്ക് ഇനി രണ്ട് ദിനം മാത്രം.നവംബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന എയര്‍ഷോയില്‍ പങ്കെടുക്കുന്നതിനായി വിമാനങ്ങളും വിമാന നിര്‍മാതാക്കളും ശാസ്ത്രജ്ഞന്‍മാരും എയലൈന്‍ ഉടമകളും വിതരണക്കാരും വ്യവസായികളും സൈനീക ഉദ്യേഗസ്ഥരുമെല്ലാം എത്തി.
കോടാനുകോടി ദിര്‍ഹമിന്‍െറ വ്യാപാര ഇടപാടുകള്‍ നടക്കുന്ന എയര്‍ഷോയില്‍ 1200 സ്ഥാപനങ്ങള്‍ പ്രദര്‍ശനവുമായെത്തും.ദുബൈ വേള്‍ഡ് സെന്‍ട്രലിലാണ് മേള. ബോയിങ് കുടുംബത്തിലെ ഏറ്റവും പുതിയ താരമായ ബോയിങ് 777തന്‍െറ അരങ്ങേറ്റം ദുബൈ എയര്‍ഷോയിലാണ്. സീറ്റില്‍ നഗരത്തില്‍ നിന്ന് 15 മണിക്കൂര്‍ യാത്ര ചെയ്താണ് ബോയി 777 ദുബൈയില്‍ എത്തിയിരിക്കുന്നത്. വിമാനത്തിന്‍െറ ആദ്യ അന്താരാഷ്ട്ര യാത്രയാണിത്. നിരവധി വിമാനക്കമ്ബനികള്‍ ഇവനെ ഏറ്റെടുക്കാനെത്തും.
2023ഓടെയാണ് സര്‍വീസ് തുടങ്ങുക.മഹാമാരിയില്‍ ആടിയുലഞ്ഞ വ്യോമയാന മേഖലക്ക് കരുത്തേകാന്‍ കഴിയുന്നതായിരിക്കും മേള. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കോവിഡ് എത്തിയ ശേഷം ആദ്യമായി നടക്കുന്ന ഏറ്റവും വലിയ എയര്‍ഷോയായിരിക്കും ഇത്. ആയിരക്കണക്കിന് സന്ദര്‍ശകര്‍ എയര്‍ഷോയിലേക്ക് എത്തും. രണ്ട് വര്‍ഷം കൂടുമ്ബോഴാണ് മേള നടക്കുന്നത്. ഓരോവര്‍ഷവും 100 ബില്യണ്‍ ഡോളറിലേറെ മൂല്യമുള്ള കരാറുകള്‍ ഒപ്പുവെക്കാറുണ്ട്. യു.എ.ഇ പ്രതിരോധ വകുപ്പ്, എമിറേറ്റ്സ് ഉള്‍പെടെയുള്ളവ ആയിരം കോടിയിലേറെ ദിര്‍ഹമിന്‍െറ കരാറുകള്‍ ഒപ്പുവെക്കും.വിവിധ രാജ്യങ്ങള്‍ തമ്മില്‍ വിമാനകൈമാറ്റ കരാറുകളും ഒപ്പുവെക്കാറുണ്ട്. വ്യോമയാന മേഖലയിലെ പുതിയ ട്രെന്‍ഡുകളും സാധ്യതകളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും അരങ്ങേറും. ഉഗ്രശേഷിയുള്ള പോര്‍വിമാനങ്ങളും ആഡംബര വിമാനങ്ങളും ഹെലികോപ്ടറുകളും സൈനീക വിമാനങ്ങളും ഉണ്ടാവും. നൂറോളം രാജ്യങ്ങള്‍ പങ്കാളിത്തം അറിയിക്കും. ആളില്ലാ വിമാനങ്ങള്‍, ചരക്ക് വിമാനം, സാങ്കേതിക വിദ്യകള്‍ എന്നിവ പ്രദര്‍ശനത്തിനെത്തും. യു.എ.ഇയുടെ ആകാശ വിസ്മയങ്ങളും എയര്‍ഷോയില്‍ അരങ്ങേറും. 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇതുവഴി അഞ്ച് ദിവസവും സന്ദര്‍ശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *