തിരുവനന്തപുരം: തന്നെ വിമര്‍ശിക്കുന്നവരോട് സഹതാപം മാത്രമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. തന്‍റെ ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങള്‍ പരാമര്‍ശിച്ച് ചിലര്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി അദ്ദേഹം പറഞ്ഞു.തനിക്ക് കിട്ടിയ സ്ഥാനങ്ങള്‍ എണ്ണിപ്പറയുന്നവരോട് സഹതാപം മാത്രമാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
12 വര്‍ഷം കേരള ഹൈക്കോടതിയിലെ ഗവണ്‍മെന്‍റ് പ്ളീഡറായി പ്രവൃത്തിച്ചത് ചിലര്‍ എടുത്തുപറയുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാലത് വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചിരുന്നപ്പോഴാണ് എന്നത് മനഃപൂര്‍വ്വം മറച്ചു വച്ചു. മോദിയും മന്‍മോഹന്‍ സിംഗും തന്‍റെ കഴിവിനെ അംഗീകരിച്ചതും ഗവണ്‍മെന്‍റ് പ്ളീഡറാക്കിയതും മുജ്ജന്മ സുകൃതം കൊണ്ടാവാമെന്നും അദ്ദേഹം തുടര്‍ന്നു. എഴുപത് വയസിന് ശേഷമാണ് പിണറായി ലോകായുക്തയാക്കിയത്. ഈ നേട്ടങ്ങളില്‍ ആര്‍ക്കാണ് അസൂയ തോന്നാത്തതെന്നും സിറിയക് ജോസഫ് ചോദിച്ചു.
അതേസമയം ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസിലെ ഹര്‍ജി പരിശോധിക്കുന്നതിനിടയില്‍ പരാതിക്കാരനായ ആര്‍ എസ് ശശികുമാറിനെ ലോകായുക്ത പേപ്പട്ടി എന്ന് വിളിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ലോകായുക്ത പത്രക്കുറിപ്പിറക്കുന്ന സാഹചര്യവുമുണ്ടായി.
‘അതൊരു കുപ്രചാരണമാണ്. പരാതിക്കാരനും കൂട്ടാളികളും ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയെന്നത് സത്യമാണ്. ഇതിനൊക്കെ മറുപടി പറയാത്തത് ജഡ്ജിമാരുടെ വിവേകം കൊണ്ടാണെന്നാണ് പറഞ്ഞത്. ഇതിന്‍റെ ഉദാഹരണമായാണ് വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ അതിന്‍റെ വായില്‍ കോലിടാന്‍ നില്‍ക്കാതെ ഒഴിഞ്ഞു മാറിപ്പോവുന്നതാണ് വിവേകമെന്ന് ചൂണ്ടിക്കാട്ടിയത്. പരാതിക്കാരനെ പേപ്പട്ടി എന്നു വിളിച്ചെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്’. നാല് പേജുള്ള പത്രക്കുറിപ്പില്‍ ലോകായുക്ത വ്യക്തമാക്കി.