വിപണിയില്‍ വില കയറി; നേന്ത്രവാഴ കര്‍ഷകര്‍ പ്രതീക്ഷയില്‍

Top News

കല്ലടിക്കോട് : വിപണിയില്‍ നേന്ത്രക്കായ വില കുത്തനെ ഉയരുന്നു. പ്രാദേശികമായി കായ ഉല്പാദന കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള വരവു കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനവിന് കാരണം.
വിളവെടുക്കാന്‍ പാകമായ നേന്ത്രക്കായ ഇല്ലാത്തതിനാല്‍ വിലവര്‍ദ്ധനയുടെ നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.
നിലവില്‍ പച്ച നേന്ത്രക്കായ കിലോയ്ക്ക് 55 മുതല്‍ 60 രൂപവരെ വലിപ്പമനുസരിച്ച് വിലയുണ്ട്. പഴത്തിന്‍റെ വില 55 മുതല്‍ 62 രൂപ വരെയായും ഉയര്‍ന്നു. കഴിഞ്ഞ രണ്ടുവര്‍ഷം 25 രൂപ പോലും വില ലഭിക്കാതെ 100 രൂപയ്ക്ക് അഞ്ച് കിലോവരെ വില്ക്കേണ്ടി വന്നതാണ് ഇത്തവണ വാഴകൃഷി കുറയാന്‍ കാരണം. മുന്‍കാലങ്ങളില്‍ ഇഞ്ചി കൃഷി ചെയ്ത സ്ഥലങ്ങളില്‍ വിളവെടുപ്പിനുശേഷം വ്യാപകമായി നേന്ത്രവാഴ കൃഷിചെയ്തിരുന്നു. മുന്‍വര്‍ഷങ്ങളിലെ വിലയിടിവ് കാരണം പല കര്‍ഷകരും ഈ സീസണില്‍ വാഴകൃഷിയില്‍ നിന്ന് പിന്തിരിഞ്ഞു.
മലയോര മേഖലകളില്‍ റബര്‍ ആവര്‍ത്തന കൃഷി നടത്തുന്ന ഇടങ്ങളില്‍ ഇടവിളയായി ചെയ്തിരുന്ന വാഴകൃഷി കാട്ടുപന്നി, മാന്‍, കാട്ടാന, മയില്‍, കുരങ്ങ് എന്നിവയുടെ ശല്യം മൂലം കര്‍ഷകര്‍ പാടെ ഉപേക്ഷിച്ച നിലയിലാണ്. ഇത് പ്രാദേശിക ഉല്പാദനത്തില്‍ വലിയ ഇടിവുണ്ടാക്കി. ഇതാണ് ഇപ്പോഴത്തെ വില കയറ്റത്തിന് കാരണം.മലയോര കാര്‍ഷിക മേഖലകളിലും പടങ്ങളിലൂമാണ് കൂടുതലായി കൃഷിയുള്ളത്. നേന്ത്രക്കായ വില വര്‍ദ്ധിച്ചതോടെ മറ്റു വാഴപ്പഴങ്ങളുടെയും വില 30 രൂപ മുതല്‍ 50 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. നേന്ത്രക്കായ ചിപ്സ് 320 മുതല്‍ 440 വരെയായി ഉയര്‍ന്നു. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് നേന്ത്രക്കായ വിപണിയില്‍ എത്തുന്നത്. വില വര്‍ദ്ധിച്ചതോടെ കടകളില്‍ വില്‍പന കുറഞ്ഞതാതും അതിനാല്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യാറില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *