വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രം;
പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

Kerala

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം ആര് സംസ്ഥാനം ഭരിക്കണം എന്ന് ജനങ്ങള്‍ നാളെ വിധിയെഴുതും. തുടര്‍ഭരണത്തിന് ഇടതുമുന്നണിയും ഭരണം പിടിക്കാന്‍ യു.ഡി.എഫും നിര്‍ണ്ണായകശക്തിയാകാന്‍എന്‍ ഡി എയും പോരാട്ടത്തിലാണ്. വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ ആരംഭിച്ചു. ഇന്ന് നിശബ്ദ പ്രചാരണം. രാവിലെ മുതല്‍ സ്ഥാനാര്‍ത്ഥികളെല്ലാം വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ്. ചിലര്‍ മണ്ഡലങ്ങളിലെ പ്രധാനപ്പെട്ട വ്യക്തികളെ കണ്ട് വോട്ടുറപ്പിക്കുമ്പോള്‍ വീടുവിടാന്തരം ഓട്ട പ്രദക്ഷിണം നടത്തുകയാണ് മറ്റ് ചിലര്‍. മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇത്തവണ വീറും വാശിയും ഏറെയാണ്.
കൊവിഡ് സാഹചര്യത്തില്‍ കലാശക്കൊട്ടിന് കമ്മിഷന്‍റെ വിലക്ക് ഉണ്ടായിരുന്നെങ്കിലും റോഡ് ഷോകളും വാഹന പര്യടനങ്ങളും പദയാത്രകളുമായി പ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകള്‍ ആവേശകരമായാണ് സമാപിച്ചത്. 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധിയെഴുതുന്നത്. 1,41,62,025 സ്ത്രീകളും 1,32,83,724 പുരുഷന്‍മാരും ട്രാന്‍സ്ജെന്‍റര്‍ വിഭാഗത്തില്‍ 290 പേരും അടങ്ങുന്നതാണ് വോട്ടര്‍ പട്ടിക. 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുളളത്. 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുളളത്. വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. പലയിടത്തും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉദ്യോഗസ്ഥരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉളളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. കൊവിഡ് സുരക്ഷാ പരിഷ്കാരങ്ങളുടെ ഭാഗമായി വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇത്തവണ ക്രമീകരിച്ചിട്ടുളളത്. പോളിംഗ് ഡ്യൂട്ടിയിലുളളവര്‍ക്ക് പുറമെ 80 വയസ് കഴിഞ്ഞവര്‍, ഭിന്ന ശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉളളവര്‍ എന്നിവര്‍ക്കെല്ലാം പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിച്ച് വോട്ടിടാനുളള അവസരം ഒരുക്കിയിരുന്നു.
വോട്ടെടുപ്പ് ഡ്യൂട്ടിയിലുളള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കും ഇത്തവണ തപാല്‍ വോട്ടിന് അവസരം കിട്ടി. കാഴ്ചയില്ലാത്തവര്‍ക്കുളള ബാലറ്റ് സൗകര്യവും ഇത്തവണ ബൂത്തുകളില്‍ സജ്ജമാണ്. മാവോയിസ്റ്റ് ഭീഷണി ഉളളതായി കണ്ടെത്തിയ ഒമ്പത് മണ്ഡലങ്ങളില്‍ വൈകിട്ട് ആറ് മണി വരെ മാത്രമായിരിക്കും പോളിംഗ് നടക്കുക. മാനന്തവാടി , സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട് , മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിലായിരിക്കും ആറ് മണിവരെ മാത്രം പോ
ളിംഗ്.

Leave a Reply

Your email address will not be published. Required fields are marked *