വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് ജെ.എന്‍.യു

Top News

ന്യൂഡല്‍ഹി : വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് പിഴ ചുമത്താനൊരുങ്ങി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല. ധര്‍ണ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 20,000 രൂപ പിഴ ഈടാക്കുമെന്ന് ജെ.എന്‍.യു അധികൃതര്‍ അറിയിച്ചു.പത്ത് പേജുകളുള്ള പുതിയ പെരുമാറ്റച്ചട്ടങ്ങളാണ് ജെ.എന്‍.യു പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി 3 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു.വിവാദ ബി.ബി.സി ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തെച്ചൊല്ലി സര്‍വകലാശാലയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇത്തരം നടപടികളിലേക്ക് നീങ്ങിയത്. അക്രമം നടത്തുന്നവരില്‍ നിന്ന് 30,000 രൂപ വരെ പിഴ ഈടാക്കുകയും ഇവരുടെ അഡ്മിഷന്‍ റദ്ദാക്കുകയും ചെയ്യും. പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ, ജെ.എന്‍.യുവിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും നിയമങ്ങള്‍ ബാധകമാണ്.
തടഞ്ഞുവെയ്ക്കല്‍, ചൂതാട്ടം നടത്തല്‍, ഹോസ്റ്റല്‍ മുറികളില്‍ അതിക്രമിച്ചു കയറല്‍, അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തല്‍, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ ഉള്‍പ്പെടെ 17 കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷകള്‍ പുതിയ പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതികളുടെ പകര്‍പ്പ് രക്ഷിതാക്കള്‍ക്കും അയക്കും.
നിരാഹാരസമരങ്ങള്‍, ധര്‍ണകള്‍, സര്‍വകലാശാലയിലെ ഏതെങ്കിലും അംഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിക്കൊണ്ടുള്ള മറ്റേതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങള്‍ മുതലായവക്ക് 20,000 രൂപ വരെ പിഴ ചുമത്തും. പഴയ നിയമങ്ങള്‍ അനുസരിച്ച്, ഘരാവോ, പ്രകടനങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക്, അഡ്മിഷന്‍ റദ്ദാക്കുന്നതും സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കുന്നതുമായിരുന്നു ശിക്ഷകള്‍.
സര്‍വ്വകലാശാലയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള തീരുമാനമെടുക്കുന്ന ബോഡിയായ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുതിയ പെരുമാറ്റച്ചട്ടത്തിന് അംഗീകാരം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍, വിഷയം അധിക അജണ്ടയായി കൊണ്ടുവന്നതാണെന്നും കോടതി നടപടികള്‍ക്കു വേണ്ടിയാണ് പുതിയ പെരുമാറ്റച്ചട്ടം തയ്യാറാക്കിയിരിക്കുന്നതെന്നും എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *