വിദ്യാര്‍ഥികണ്‍സഷന്‍ വെട്ടിക്കുറക്കുന്നത് ന്യായീകരിച്ച് ഗതാഗത മന്ത്രി; പ്രതിഷേധം കനക്കുന്നു

Top News

തിരുവനന്തപുരം: വിദ്യാര്‍ഥി കണ്‍സഷന്‍ വെട്ടിക്കുറക്കാനുള്ള കെ.എസ്.ആര്‍.ടി.സി നിര്‍ദേശത്തെ ന്യായീകരിച്ച് വകുപ്പ് മന്ത്രി ആന്‍റണി രാജു.
പ്രായപരിധി ഏര്‍പ്പെടുത്തിയതിനെയും പിന്തുണച്ച മന്ത്രി കണ്‍സഷനുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിശദീകരിച്ചു. അതേസമയം പുതിയ നിര്‍ദേശം അംഗീകരിക്കില്ലെന്നും പിന്‍വലിക്കണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. കെ.എസ്.യു പ്രവര്‍ത്തകര്‍ കിഴക്കേകോട്ടയിലെ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസിലേക്ക് തള്ളിക്കയറി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിദ്യാര്‍ഥി കണ്‍സഷനില്‍ വെട്ടിക്കുറവ് വരുത്തുന്ന നിര്‍ദേശം കഴിഞ്ഞദിവസമാണ് മാനേജിങ് ഡയറക്ടര്‍ മുന്നോട്ടുവെച്ചത്.
അര്‍ഹതയുള്ള എല്ലാവര്‍ക്കും കണ്‍സഷന്‍ അനുവദിക്കുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. പ്രായപരിധിയില്‍ മാറ്റം കൊണ്ടുവരാനാണ് കെ.എസ്.ആര്‍.ടി.സി ഉദ്ദേശിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റും. ജോലിക്കാരും വിരമിച്ചവരുംവരെ ഈവനിങ് കോഴ്സിന് ചേര്‍ന്ന് കണ്‍സഷന് അപേക്ഷിക്കാന്‍ തുടങ്ങിയതിനാലാണ് പുതിയ തീരുമാനം. ബി.പി.എല്ലുകാര്‍ക്ക് എവിടെയായാലും കണ്‍സഷന്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍സഷന്‍ ഒഴിവാക്കണമെന്നും യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളും രംഗത്തുവന്നു. ഇല്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതല്‍ ബസുകള്‍ ഓടണോ എന്ന് ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.
നിര്‍ദേശം സ്വീകാര്യമല്ലെന്നും പിന്‍വലിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പറഞ്ഞു. സ്വാശ്രയ കോളജ് വിദ്യാര്‍ഥികളെ ഒഴിവാക്കിയത് അംഗീകരിക്കില്ല. പ്രായപരിധി അംഗീകരിക്കാനാകില്ല. പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍സമരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്‍സഷന്‍ ഔദാര്യമല്ല, അവകാശമാണെന്നും ശക്തമായ സമരമുണ്ടാകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *