അന്തിമറിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കോഴിക്കോട് : കുറ്റിക്കാട്ടൂരില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് അടിയന്തരധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനം. ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അന്തിമറിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അറിയിച്ചു.
അതേസമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ഗാന്ധിനഗര്‍ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കേസ് ജൂണ്‍ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിജാസ്. സ്കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് സഹോദരനെ വിളിച്ചു. സ്കൂട്ടര്‍ കടയുടെ സൈഡിലേക്ക് കയറ്റിവെക്കുന്നതിനിടെ, വണ്ടി ചരിഞ്ഞപ്പോള്‍ കടയിലെ തൂണില്‍ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച റിജാസിന്‍റെ സഹോദരനും ഷോക്കേറ്റു.
പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെ.എസ്.ഇ.ബി നടപടിയെടുത്തിട്ടില്ലെന്ന് കടയുടമ പരാതിപ്പെട്ടു. സംഭവത്തില്‍ സര്‍വീസ് വയറിലും കടയിലെ വയറിംഗിലും ചോര്‍ച്ചയെന്ന് കെ.എസ്.ഇ.ബി കണ്ടെത്തിയിരുന്നു. തലേദിവസം പകല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.