കൊച്ചി: തന്‍റെ കാഴ്ചവൈകല്യത്തെ അപമാനിച്ച വിദ്യാര്‍ത്ഥികളോട് പരാതിയില്ലെന്ന് മഹാരാജാസ് കോളേജ് പ്രൊഫസര്‍ ഡോ.സി.യു.പ്രിയേഷ് പോലീസില്‍ മൊഴി നല്‍കി. ഇതോടെ വിദ്യാര്‍ക്ഷികള്‍ക്കെതിരെ കേസ് ഒഴിവാക്കി.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു. അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ മഹാരാജാസ് കോളജ് അധികൃതരാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയേഷ് നല്‍കിയ പരാതി കോളജ് പോലീസിന് കൈമാറുകയായിരുന്നു.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസി. പ്രഫസര്‍ ഡോ. സി.യു. പ്രിയേഷ് ക്ലാസെടുക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കാഴ്ചപരിമിതിയുള്ള ഇദ്ദേഹം ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ അനുവാദമില്ലാതെ പ്രവേശിച്ച് അധ്യാപകന് പിറകിലായി നില്‍ക്കുകയും അദ്ദേഹത്തെ കളിയാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തു.ചില വിദ്യാര്‍ത്ഥികള്‍ ക്ലാസ് ശ്രദ്ധിക്കാതെ അലക്ഷ്യമായി ഇരുന്ന് മൊബൈല്‍ ഉപയോഗിച്ചു. ഇതെല്ലാം മറ്റൊരു വിദ്യാര്‍ത്ഥി ചിത്രീകരിച്ചു. പിന്നീട് ഈ ദൃശ്യം ഇ ന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. സംഭവമറിഞ്ഞയുടന്‍ പ്രിയേഷ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.
വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ കോളജ് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.