കാസര്‍കോട് : കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പല്‍ എം.രമയെ നീക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ ഉത്തരവ്. വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.പ്രിന്‍സിപ്പലിനെ ഉപരോധിച്ചുകൊണ്ട് എസ്എഫ്ഐ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനെ നീക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.ഇന്നലെ രാവിലെ മുതല്‍ പ്രിന്‍സിപ്പലിന്‍റെ ചേംബറില്‍ മുദ്രാവാക്യം വിളികളുമായാണ് എസ്എഫ്ഐ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
വിദ്യാര്‍ത്ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രിന്‍സിപ്പല്‍ രമ രാജി വെയ്ക്കണമെന്ന ആവശ്യം മുന്‍ നിര്‍ത്തിയായിരുന്നു ഉപരോധം. കോളേജിലെ വാട്ടര്‍ ഫില്‍ട്ടറില്‍ നിന്ന് കലങ്ങിയ കുടിവെള്ളം വരുന്നത് സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച പരാതി പറയാനെത്തിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പൂട്ടിയിട്ടെന്നാണ് പരാതി ഉയര്‍ന്നത്. 20 മിനിറ്റിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ തുറന്നുവിട്ടതെന്നും പരാതിക്കാര്‍ പറയുന്നു.