ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത് വിനയായി ഇന്ത്യന്‍ താരങ്ങള്‍. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ വിലക്ക് മൂലം ഇന്ത്യന്‍ താരങ്ങള്‍ക്ക് ടോക്കിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ഇതുമൂലം അത്ലറ്റിക് താരങ്ങള്‍ക്ക് ഒളിമ്പിക്സ് യോഗ്യത മത്സരമായ ലോക അത്ലറ്റിക് റിലേ ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകാന്‍ സാധ്യതയുണ്ട്. ഷൂട്ടിങ്, റെസ് ലിംഗ് തുടങ്ങിയ ഇനങ്ങളിലെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലും താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാതെ വരും.ഇന്ത്യന്‍ ഹോക്കി പുരുഷ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനവും പ്രതിസന്ധിയിലായി. ബാഡ്മിന്‍റണ്‍ താരങ്ങള്‍ക്ക് മലേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയും, സൈന നെഗ്വാള്‍, ശ്രീകാന്ത് തുടങ്ങിയവരുടെ ഒളിമ്പിക്സ് യോഗ്യതയും തുലാസിലായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ ആംസ്റ്റര്‍ ഡാമിലേക്കുള്ള ഫ്ലൈറ്റില്‍ പോകാനിരുന്ന ഇന്ത്യന്‍ ടീം, യാത്ര വിലക്ക് പ്രഖ്യാപിച്ചത് മൂലം യാത്ര മുടങ്ങിയിരിക്കുകയാണ്. അതേസമയം ഇന്ന് തന്നെ താരങ്ങളെ പോളണ്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അത്ലറ്റിക് ഫെഡറേഷന്‍.