കാബൂള്‍: അഫ്ഗാനില്‍ വിദേശ കറന്‍സികളുടെ ഉപയോഗം നിരോധിച്ചതായി താലിബാന്‍. ചൊവ്വാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.
താലിബാന് വക്താവ് സബിയുള്ള മുജാഹിദയാണ് പത്രകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ രാജ്യത്തിനുള്ളില്‍ പലയിടങ്ങളിലും അതുപോലെ തെക്കന്‍ അതിര്‍ത്തിയിലുള്ള വ്യാപാര ആവശ്യങ്ങള്ക്കും മറ്റ് ഇടപാടുകള്‍ക്കും യുഎസ് ഡോളറാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഇനി മുതല്‍ ആഭ്യന്തര വ്യാപാരത്തിനായി വിദേശ കറന്സി ഉപയോഗിക്കുന്നവരെ തൂക്കിക്കൊല്ലുമെന്നും താലിബാന് വക്താവ് അറിയിച്ചു.
ഇതിനോടകം തന്നെ തകര്‍ന്നിരിക്കുന്ന അഫ്ഗാന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ തകര്ച്ചയിലേക്കാണ് ഈ പ്രഖ്യാപനം നയിക്കുക. ആഗസ്റ്റ് പകുതിയോടെയാണ് താലിബാന്‍ അഫ്ഗാനില് അധികാരം പിടിച്ചെടുത്തത്. അന്നുമുതല്‍ അഫ്ഗാന് കറന്സിയായ അഫ്ഗാനിയുടെ മൂല്യം ഇടിയുകയും രാജ്യത്തിന്‍റെ കരുതല് നിക്ഷേപം വിദേശത്ത് മരവിപ്പരക്കുകയും ചെയ്തു. സമ്ബദ് വ്യവസ്ഥ തകര്‍ച്ചയിലായതിനാല് നിലവില് ബാങ്കുകളില് പണത്തിന്‍റെ കുറവ് അനുഭവപ്പെടുന്നുണ്ട്. താലിബാനെ അഫ്ഗാന് സര്‍ക്കാരായി പല വിദേശ രാജ്യങ്ങളും ഇപ്പോഴും അംഗീകരിച്ചിട്ടില്ല.
രാജ്യത്തെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് എല്ലാ ഇടപാടുകള്‍ക്കും അഫ്ഗാന് കറന്‍സി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും താലിബാന്‍ വക്താവ് അറിയിച്ചു. ഇസ്ലാമിക് എമിറേറ്റ് എല്ലാ പൗരന്മാരോടും കടയുടമകളോടും വ്യാപാരികളോടും വ്യവസായികളോടും പൊതുജനങ്ങളോടും ഇനി മുതല്‍ എല്ലാ ഇടപാടുകളും അഫ്ഗാനി ഉപയോഗിച്ച് നടത്താനും വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.