. തൊഴില്‍ കുടിയേറ്റത്തിന് കരാര്‍ ഒപ്പിട്ടു
.നഴ്സുമാര്‍ക്ക് യുകെയിലും ഫിന്‍ലന്‍ഡിലും തൊഴിലവസരങ്ങള്‍
. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഹിന്ദുജ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചു
. ഗ്രാഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനമായി
തിരുവനന്തപുരം: സര്‍ക്കാര്‍ സംഘം നടത്തിയ വിദേശ പര്യടനം കേരളത്തിന് പ്രതീക്ഷിച്ചതിലും വലിയ ഗുണം ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങള്‍ വിദേശയാത്രയിലൂടെ സാധ്യമായി. പുതിയ കാര്യങ്ങള്‍ പഠിക്കാനും കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നും മറ്റുമായി കൂടുതല്‍ പേര്‍ക്ക് യൂറോപ്പില്‍ തൊഴിലവസരങ്ങള്‍ ഒരുക്കാനും വലിയ നിക്ഷേപങ്ങള്‍ ഉറപ്പാക്കാനും യാത്രയിലൂടെ സാധിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പഠനഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴില്‍ സാധ്യതകള്‍, പ്രവാസിക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ ഇതൊക്കെയായിരുന്നു സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. ഇക്കാര്യത്തിലെല്ലാം പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചു.
നാളെയുടെ പദാര്‍ത്ഥമെന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഗ്രാഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യാത്രയില്‍ തീരുമാനമായി. ഫിന്‍ലന്‍ഡ്, നോര്‍വ്വേ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദര്‍ശിച്ചത്. യുകെയുടെ ഭാഗമായ വെയ്ല്‍സിലും കൂടിക്കാഴ്ചകളുണ്ടായിരുന്നു. പി.രാജീവ്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്ജ് എന്നീ മന്ത്രിമാരും ചീഫ് സെക്രട്ടറി വി.പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ. വി.കെ രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.
ലോകകേരളസഭയുടെ യൂറോപ്യന്‍ – യുകെ മേഖലാ സമ്മേളനത്തില്‍ പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായി. വിദേശത്തെ മലയാളി പ്രൊഫഷണലുകളുടെ സേവനം കേരളത്തിന് ഉപയോഗിക്കാനുള്ള വഴികള്‍ യോഗത്തില്‍ ചര്‍ച്ചയായി. സമ്മേളനത്തില്‍ ഉരുതിരിഞ്ഞ നിര്‍ദേശങ്ങള്‍ ലോകകേരളസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും യുകെ കുടിയേറ്റം എളുപ്പമാക്കാന്‍ ചര്‍ച്ചയുണ്ടായി.
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് കുടിയേറ്റം സാധ്യമാകാന്‍ നോര്‍ക്ക വഴി അവസരമൊരുക്കും. ഇതിനായി അവിടുത്തെ ഏജന്‍സികളുമായി നോര്‍ക്ക ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്‍റെ അംഗീകാരവും ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികള്‍ക്ക് ഇതിലൂടെ അവസരം ഒരുങ്ങും. ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്സിംഗ് പ്രൊഫഷണലുകളെ കൂടാതെ ഇതരമേഖലയിലെ പ്രൊഫഷണലുകള്‍ക്കും യുകെ കുടിയേറ്റം സാധ്യമാവും. അഭിമുഖ പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് ഐഇഎല്‍ടിസ് അടക്കമുള്ളവ ഇല്ലാതെ തന്നെ നോര്‍ക്ക റൂട്ട്സ് വഴി ഓഫര്‍ ലെറ്റര്‍ നല്‍കും. ലെറ്റര്‍ ലഭിച്ച ശേഷം ഈ പരീക്ഷ പാസായാല്‍ മതി. മനുഷ്യതട്ടിപ്പും, വിസാ തട്ടിപ്പും അടക്കമുള്ള പ്രശ്നങ്ങള്‍ നാം നേരിടുണ്ട്. ഇതു തടയാന്‍ ഓപ്പറേഷന്‍ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്ത് അരംഭിച്ചിട്ടുണ്ട്.
യുകെ സര്‍ക്കാരുമായി ആരോഗ്യ മേഖലയില്‍ സഹകരണത്തിനുള്ള കരാറില്‍ നോര്‍ക്ക ഒപ്പുവച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ഈ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. അടുത്ത മൂന്നു വര്‍ഷം യുകെയില്‍ 42,000 നേഴ്സുമാരെ ആവശ്യമുണ്ട്.
പ്രമുഖ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ അവര്‍ സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രിപറഞ്ഞു.ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിന് കേരളത്തില്‍ ഫാക്ടറി തുടങ്ങണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. മാരിടൈം ക്ലസ്റ്ററിനായി നോര്‍വെയുടെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ട്.തുരങ്ക പാത നിര്‍മ്മാണത്തിലെ നോര്‍വേ മാതൃക കേരളത്തിലും നടപ്പാക്കും വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിലടക്കം ഈ മാതൃക നടപ്പാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് ഭക്ഷ്യ സംസ്കാര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് നോര്‍വേ കമ്പനി സന്നദ്ധരാണ് അടുത്ത നാല് വര്‍ഷത്തില്‍ തങ്ങളുടെ രാജ്യത്ത് പതിനായിരം നഴ്സ് ജീവനക്കാരെ വേണ്ടിവരുമെന്നാണ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവിടെ തൊഴില്‍ അവസരം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളുടേയും തൊഴിലന്വേഷകരുടേയും ഫിന്‍ലന്‍ഡ് കുടിയേറ്റം എളുപ്പമാക്കാന്‍ ചര്‍ച്ച നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.