ന്യൂഡല്‍ഹി: വിദേശത്തു മെഡിസിന്‍ പഠിക്കുന്ന 90 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഇന്ത്യയില്‍ യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയാണെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി.എന്നിരുന്നാലും, എന്തുകൊണ്ടാണ് വിദ്യാര്‍ഥികള്‍ മെഡിസിന്‍ പഠിക്കാന്‍ വിദേശത്തേക്കു പോകുന്നത് എന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഇതു ശരിയായ സമയമല്ലെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പറഞ്ഞു.വിദേശത്തു മെഡിക്കല്‍ ബിരുദം നേടുന്നവര്‍ ഇന്ത്യയില്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിനു ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് എക്സാമിനേഷന്‍ (എഫ്എംജിഇ) എഴുതി ജയിക്കണം. എന്നാല്‍, പുറത്തു പഠിച്ചെത്തുന്ന ബഹുഭൂരിപക്ഷവും ഈ പരീക്ഷയില്‍ പരാജയപ്പെടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആയിരക്കണക്കിന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ യുക്രെയ്നില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ജോഷിയുടെ വിവാദ അഭിപ്രായ പ്രകടനം.