തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍.ബിന്ദു പറഞ്ഞു. നിയമസഭയില്‍ ഉമ തോമസ് എംഎല്‍എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലക്ക് 2022-23 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച് യുജി പ്രോഗ്രാമുകള്‍ക്കും രണ്ട് പിജി പ്രോഗ്രാമുകള്‍ക്കുമാണ് യുജിസി അനുമതി നല്‍കിയിരുന്നത്. ഈ കോഴ്സുകളിലാകെ 5400 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനം നേടിയിരുന്നു. സര്‍വ്വകലാശാലക്ക് യുജിസി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയില്‍ നിന്നും നിലവില്‍ 12 ബിരുദ പ്രോഗ്രാമുകളും 10 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമടക്കം 22 പ്രോഗ്രാമുകള്‍ നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷന്‍ പ്രകാരം പ്രവേശന അറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം ഇതുവരെ 2500 വിദ്യാര്‍ഥികള്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 22,000 ഓളം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ സര്‍ക്കാര്‍ അനുവദിച്ച കോളേജുകള്‍ പഠന കേന്ദ്രങ്ങളായുണ്ട്. ഈ കേന്ദ്രങ്ങളെ ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലയളവില്‍ മുഴുവന്‍ സമയ പ്രവേശന കേന്ദ്രങ്ങളാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് യുജിസിയുടെ ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ബ്യൂറോയില്‍ നിന്ന് 2022- 23 അധ്യയനവര്‍ഷം മുതല്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ നടത്താന്‍ അനുമതി ലഭിക്കുന്നില്ലെങ്കില്‍ ലഭിക്കുന്നില്ലെങ്കില്‍ മാത്രം വിദൂര വിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴിയുള്ള കോഴ്സുകള്‍ നടത്തുന്നതിന് മറ്റ് സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതാണെന്നും ഇതുസംബന്ധിച്ച തുടര്‍നിര്‍ദ്ദേശം വരുന്നതുവരെ വിദൂരവിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും മുഖേനയുള്ള കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കാന്‍ പാടില്ലെന്നും സര്‍വ്വകലാശാലകള്‍ക്ക് ആദ്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് കോഴ്സുകള്‍ നടത്തുന്നതിന് അനുമതി ലഭ്യമായ സാഹചര്യത്തില്‍ സര്‍ക്കുലര്‍ പിന്‍വലിച്ചുകൊണ്ടും നിലവിലുള്ള നിയമങ്ങളും കോടതി വിധികളും അനുസരിച്ച് പ്രവേശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടും 2022 നവംബറില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കി.