കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബുവിനെ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയ സുഹൃത്തായ നടനെ ചോദ്യം ചെയ്തു.ദുബൈയില്‍ ഒളിവിലായിരുന്ന സമയത്ത് ഇയാള്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡെത്തിച്ച് നല്‍കിയെന്നാണ് പൊലീസ് കണ്ടെത്തല്‍. വിജയ് ബാബുവിന്‍റെ അടുത്ത ബന്ധു സിനിമ ലൊക്കേഷനിലെത്തി ഈ നടന് കാര്‍ഡുകള്‍ കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. തുടര്‍ന്ന് നെടുമ്പാശ്ശേരി വഴി ദുബൈയില്‍ നേരിട്ടെത്തി വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയത് നടനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ കഴിയുമ്പോഴുള്ള ആവശ്യങ്ങള്‍ക്കായിരുന്നു പണം.ക്രെഡിറ്റ് കാര്‍ഡുവഴി നടത്തിയ പണമിടപാടുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ സഹായിച്ചെന്ന് സൂചനയുള്ള മറ്റ് ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ വിളിപ്പിക്കുമെന്നാണ് വിവരം.
വിജയ് ബാബുവില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. സുഹൃത്തായ നടനുമായും മറ്റുള്ളവരുമായും വിജയ് ബാബു നടത്തിയ ചാറ്റുകളടക്കം ഫോണ്‍ രേഖകള്‍ വീണ്ടെടുക്കാനാണ് ശ്രമം. പരിശോധന റിപ്പോര്‍ട്ട് ജൂണ്‍ അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. നടിയുമായുള്ള സംഭാഷണങ്ങളടക്കം വീണ്ടെടുത്ത് പരിശോധിക്കും. ഇതുവരെ കേസില്‍ സാക്ഷികളായ 30 പേരുടെ മൊഴിയെടുത്തിട്ടുണ്ട്.കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഇയാള്‍ പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ ഇതുസംബന്ധിച്ച് അവര്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു ഇരയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതി 39 ദിവസത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കേരളത്തില്‍ തിരിച്ചെത്തിയത്. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തല്‍ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.
