. വിടവാങ്ങിയത് ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍
ചെന്നൈ: നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്ത് (71) അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ നവംബര്‍ 20 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സാലിഗ്രാമിലെ വീട്ടിലെത്തിച്ച ഭൗതികശരീരത്തില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അന്തിമോപചാരം അര്‍പ്പിച്ചു. വന്‍ ജനാവലി പ്രിയതാരത്തെ കാണാന്‍ തടിച്ചു കൂടി. വിലാപയാത്രയായി കോയമ്പേടുള്ള പാര്‍ട്ടി ആസ്ഥാനത്ത് ഭൗതികശരീരം എത്തിച്ചു. ഇന്ന് വൈകിട്ട് പാര്‍ട്ടി ആസ്ഥാനത്താണ് സംസ്കാരം. രാവിലെ രാജാജി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വിജയകാന്തിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴ് സിനിമയില്‍ സൂപ്പര്‍താര പദവിയുണ്ടായിരുന്ന വിജയകാന്തിനെ ക്യാപ്റ്റന്‍ എന്നാണ് ആരാധകര്‍ സംബോധന ചെയ്തത്. ഡി.എം.ഡി.കെ (ദേശീയ മുര്‍പോക്ക് ദ്രാവിഡ കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അദ്ദേഹം രണ്ട് തവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവുമായിരുന്നു.
1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തിന്‍റെ ജനനം. വിജയരാജ് അളഗര്‍സ്വാമി എന്നാണ് യഥാര്‍ത്ഥ പേര്.കെ.എന്‍. അളഗര്‍ സ്വാമിയും ആണ്ടാള്‍ അളഗര്‍ സ്വാമിയുമാണ് മാതാപിതാക്കള്‍. ഭാര്യ :പ്രേമലത. മക്കള്‍ :ഷണ്‍മുഖ പാണ്ഡ്യന്‍, വിജയപ്രഭാകരന്‍. 1979ല്‍ ഇനിക്കും ഇളമൈ എന്ന ചിത്രത്തില്‍ വില്ലനായി വെള്ളിത്തിരയിലെത്തി.
1981ല്‍ സട്ടം ഒരു ഇരുട്ടറൈ എന്ന ചിത്രത്തില്‍ നായകനായി. നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരന്‍ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ഈ സിനിമയുടെ വന്‍ വിജയത്തിനുപിന്നാലെയാണ് വിജയകാന്തിന് ക്യാപ്റ്റന്‍ എന്ന വിളിപ്പേരു വന്നത്. ഊമൈ വിഴിഗള്‍, കൂലിക്കാരന്‍, അമ്മന്‍ കോവില്‍ കിഴക്കാലേ,നിനൈവേ ഒരു സംഗീതം, വൈദേഹി കാത്തിരുന്താള്‍, പൂന്തോട്ട കാവല്‍ക്കാരന്‍, സിന്ദൂരപ്പൂവേ, പുലന്‍ വിചാരണൈ, ക്ഷത്രിയന്‍, ചിന്ന ഗൗണ്ടര്‍, സേതുപതി ഐ.പി.എസ്, വാനത്തൈപോലെ, രമണാ,ഹോണസ്റ്റ് രാജ്, തമിഴ് സെല്‍വന്‍, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥന്‍ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, തെന്നവന്‍, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി 154 സിനിമകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
വിജയകാന്തിന്‍റെ സംഘട്ടന രംഗങ്ങള്‍ പ്രേക്ഷകരുടെ ഹരമായി. അനീതിക്കെതിരെ ശബ്ദിക്കുകയും നാടിനെയും നാട്ടുകാരെയും സ്നേഹിക്കുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളിലൂടെ തമിഴ് മക്കളുടെ മനസ്സില്‍ കുടിയേറി. ആക്ഷന്‍ ഹീറോ എന്ന നിലയിലാണ് താരമായതെങ്കിലും നിരവധി കുടുംബചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ചു. പുരട്ചി കലൈഞ്ജര്‍ എന്ന വിശേഷണവും ആരാധകര്‍ അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. 2010 ല്‍ പുറത്തിറങ്ങിയ വിരുദഗിരി എന്ന ചിത്രം സംവിധാനം ചെയ്തു. അതിലാണ് അവസാനം നായകനായി അഭിനയിച്ചത്. മകന്‍ ഷണ്‍മുഖ പാണ്ഡ്യന്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ശതാബ്ദം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് അവസാനം അഭിനയിച്ചത്
2005-ല്‍ ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാര്‍ട്ടിക്കു വിജയകാന്ത് രൂപം നല്‍കി. 2006 ലെ തമിഴ്നാട് നിയമ സഭയിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിച്ചെങ്കിലും വിജയകാന്ത് മാത്രമേ വിജയിച്ചുള്ളൂ. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളില്‍ നിന്ന് ഓരോ തവണ വിജയിച്ചു. 2011-2016 കാലയളവില്‍ തമിഴ്നാടിന്‍റെ പ്രതിപക്ഷനേതാവുമായിരുന്നു വിജയകാന്ത്. അനാരോഗ്യം മൂലം ഏറെക്കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നില്‍ക്കുകകയായിരുന്നു.1994-ല്‍ എം.ജി.ആര്‍ പുരസ്കാരം, 2001-ല്‍ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യന്‍ സിറ്റിസെന്‍ പുരസ്കാരം, 2009-ല്‍ ടോപ്പ് 10 ലെജന്‍ഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ല്‍ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.