തൃശ്ശൂര്‍: ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ രണ്ടുപേര്‍ തൃശ്ശൂര്‍ പോലീസിന്‍റെ പിടിയിലായി. വിക്കീസ് ഗ്യാങ് എന്ന പേരിലറിയപ്പെടുന്ന ലഹരിക്കടത്ത് സംഘത്തിന്‍റെ തലവനായ ബെംഗളൂരു സ്വദേശി വിക്രമി (വിക്കി-26)നെയും കേരളത്തിലെ കണ്ണിയായ ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പ്പടി സ്വദേശി റിയാസി(35)നെയുമാണ് തൃശ്ശൂര്‍ സിറ്റി പോലീസിന്‍റെ ഡാന്‍സാഫ് സംഘം പിടികൂടിയത്.മേയ് 21-ന് തൃശ്ശൂര്‍ പുഴക്കല്‍പാടത്ത് കാറില്‍നിന്ന് 330 ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയ കേസിന്‍റെ അന്വേഷണമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്. തൃശ്ശൂര്‍ പുഴക്കല്‍പാടത്ത് എം.ഡി.എം.എ. പിടികൂടിയ കേസില്‍ കാസര്‍കോട് സ്വദേശി നജീബ്, ഗുരുവായൂര്‍ സ്വദേശി ജിതേഷ് കുമാര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എം.ഡി.എം.എ. കടത്തുന്ന വലിയ സംഘമായ വിക്കീസ് ഗ്യാങ്ങിന്‍റെ തലവനായ വിക്രമിനേയും കേരളത്തിലെ പ്രധാന സംഘാംഗമായ റിയാസിനേയും പിടികൂടാനായത്.
ബെംഗളുരു കേന്ദ്രീകരിച്ച് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും ഗോവയിലേക്കും മാരക മയക്കുമരുന്നായ എം.ഡി.എം.എ. കടത്തുന്ന പ്രധാന സംഘമാണ് വിക്കീസ് ഗ്യാങ്. ലഹരിസംഘത്തിന്‍റെ കേരളത്തിലെ അംഗമായ റിയാസിനെ ചെന്നൈയിലെ ഒളിവുകേന്ദ്രത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം വിക്രമിനെ പിന്തുടര്‍ന്നു. പോലീസിന്‍റെ കണ്ണുവെട്ടിച്ച് കര്‍ണാടകയില്‍നിന്ന് ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കും കടന്ന ഇയാളെ ഒടുവില്‍ കര്‍ണാടകയില്‍ തിരിച്ചെത്തിയപ്പോഴാണ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്.