തിരുവനന്തപുരം : വാഹന വില്‍പ്പന നടത്തുമ്പോള്‍ ഉടമസ്ഥാവകാശം മാറ്റിയെന്ന് ഉറപ്പുവരുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. വാങ്ങുന്ന ആള്‍ പേരുമാറ്റും എന്നുള്ള ധാരണയില്‍ ഒരു കാരണവശാലും സ്വന്തം വാഹനം പേരു മാറ്റാതെ നല്‍കരുതെന്നും, ഭാവിയില്‍ അത് ഊരാക്കുടുക്കിലേക്ക് നയിച്ചേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.മോട്ടോര്‍ വാഹന ഓഫീസില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത് പേര് മാറ്റാതെ വിറ്റ വാഹനത്തിന് ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നുവെന്ന പരാതിയുമായാണ്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 2 (30) പ്രകാരം ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അയാളാണ് വാഹനത്തിന്‍റെ രജിസ്ട്രേഡ് ഓണര്‍ എന്നറിയപ്പെടുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്‍റുകള്‍ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച്, പേരുമാറ്റാത്തിടത്തോളം കാലം നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉടമസ്ഥന്‍ ആണ് എല്ലാ ബാധ്യതകള്‍ക്കും കേസുകള്‍ക്കും ബാധ്യസ്ഥമാകുന്നത് എന്ന് സുപ്രീംകോടതിയുടേത് അടക്കം നിരവധി കോടതിവിധികള്‍ നിലവിലുണ്ട്.
യൂസ്ഡ് കാര്‍ ഷോറൂമിലോ മറ്റ് കാര്‍ എക്സ്ചേഞ്ച് മേളകളിലൊ ഇടനില കച്ചവടക്കാര്‍ക്കോ വാഹനം കൈമാറുമ്പോള്‍ പലപ്പോഴും ഇത്തരത്തിലുള്ള സാഹചര്യത്തിലേക്കാണ് നയിക്കുക പലപ്പോഴും വാഹനം പല കൈമറിഞ്ഞ് എവിടെയാണ് നിലവില്‍ ഉപയോഗിക്കുന്നത് എന്നുപോലും അറിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നത് എന്നതിനാല്‍ ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. അറിയുക സ്വന്തം വാഹനം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ആ വാഹനത്തിന്‍റെ ഉടമസ്ഥത പുതിയ ആളിലേക്ക് മാറ്റുന്നു എന്നുള്ളത് സ്വന്തം ഉത്തരവാദിത്തമായി നിലവിലുള്ള ഉടമ ഏറ്റെടുക്കേണ്ടതുണ്ട്