. കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയാല്‍ തല്‍ക്കാലം പിഴയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് എ.ഐക്യാമറ വഴി പിഴയീടാക്കുന്നത് ഇന്ന് മുതല്‍.
രാവിലെ എട്ടുമുതല്‍ ക്യാമറ പിഴ ഈടാക്കി തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്‍റണിരാജു അറിയിച്ചു. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ അധികമായി കൊണ്ടുപോയാല്‍ തല്‍ക്കാലം പിഴ ഈടാക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ കത്തിന് കേന്ദ്രത്തിന്‍റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശം. കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരുചക്രവാഹനങ്ങളില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാല്‍ പിഴ ചുമത്തില്ല. പക്ഷേ നാല് വയസ്സിനു മുകളിലുള്ള കുട്ടികള്‍ ഹെല്‍മറ്റ് ധരിക്കണം.പിഴയീടാക്കല്‍ ഓഡിറ്റിങിന് വിധേയമാണ്. പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. കേന്ദ്രമാനദണ്ഡം അനുസരിച്ചുള്ള ഇളവുകള്‍ മാത്രമേ അനുവദിക്കു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് മന്ത്രിഅഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് 692 എ. ഐ ക്യാമറകളാണ് നിലവില്‍ പിഴയീടാക്കുന്നത്.അമിതവേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹന യാത്ര, അമിതഭാരം, ഇന്‍ഷുറന്‍സ്, മലീനീകരണ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ക്ക് പിഴ ഈടാക്കും. ഒരേ കാര്യത്തിന് നിരവധി ക്യാമറകളില്‍ നിന്ന് പിഴവന്നാല്‍ അതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനമായിട്ടില്ല.
നിയമലംഘനം കണ്ടെത്തുന്ന ക്യാമറയില്‍നിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് വിവരങ്ങള്‍ കൈമാറും. തുടര്‍ന്ന് ഉടമകളുടെ മേല്‍വിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കില്‍ ഇരട്ടിത്തുക കോടതിയില്‍ അടയ്ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങള്‍ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.
ഹെല്‍മെറ്റില്ലാത്ത യാത്ര ചെയ്യുന്നത് – 500 രൂപ,പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത് -500 രൂപ,
മൂന്നുപേരുടെ ബൈക്ക് യാത്ര – 1000 രൂപ,ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് – 2000 രൂപ,നാലുചക്ര വാഹനങ്ങളില്‍ സീറ്റ്ബെല്‍റ്റില്ലാതെ യാത്രചെയ്യുന്നത് – 500 രൂപ എന്നിങ്ങനെയാണ് പിഴ.