വാഹനഗതാഗതം ദുഷ്ക്കരം

Top News

ചെറുപുഴ: കാക്കയംചാല്‍ -പടത്തടം- തട്ടുമ്മല്‍ റോഡില്‍ പടത്തടം മുതല്‍ തട്ടുമ്മല്‍ വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനഗതാഗതം ദുഷ്ക്കരം. തട്ടുമ്മല്‍, പടത്തടം ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് കാക്കയംചാല്‍, ചെറുപുഴ ടൗണുകളില്‍ ഏളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന റോഡാണിത്. റോഡിന്‍റെ തുടക്കഭാഗം ചെറുപുഴ പഞ്ചായത്തിന്‍റെയും, അവസാന ഭാഗം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും പരിധിയില്‍ വരുന്നതാണ്.
ഈ റോഡിനോട് എന്നും തികഞ്ഞ അവഗണനയാണ് അധികൃതരുടെ ഭാഗത്തു ഉണ്ടാകുന്നതെന്നു നാട്ടുകാര്‍ പറയുന്നു. കയറ്റവും കൊടുംവളവും നിറഞ്ഞ റോഡിന്‍റെ പല ഭാഗങ്ങളും തകര്‍ന്നു തരിപ്പണമായ നിലയിലാണ്. ഇതുമൂലം ചെറുവാഹനങ്ങള്‍ക്കൊന്നും ഇതുവഴി യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. ഈ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. എന്നാല്‍ റോഡ് നിറയെ കുഴികളായതോടെ കുട്ടികളുമായി വരുന്ന ഓട്ടോറിക്ഷകള്‍ക്ക് കയറ്റം കയറാന്‍ പറ്റാത്ത സ്ഥിതിയാണ്. പാതി കുട്ടികളെ വഴിയില്‍ ഇറക്കിയ ശേഷമാണു ഓട്ടോറിക്ഷകള്‍ കയറ്റം കയറുന്നത്. നേരത്തെ റോഡ് നിറയെ കുഴിയായിരുന്ന സമയത്ത് നാട്ടുകാരാണു കോണ്‍ക്രീറ്റ് ഉപയോഗിച്ചു കുഴികള്‍ അടച്ചത്. എന്നാല്‍ ഇപ്പോള്‍ റോഡിന്‍റെ മറ്റു ഭാഗങ്ങളും തകരാന്‍ തുടങ്ങി. ഇതോടെ ഏതുസമയത്തും ഇതുവഴിയുള്ള വാഹനഗതാഗതം നിലയ്ക്കുമെന്നാണു നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *