വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി ഹോട്ടലില്‍ കൊല്ലപ്പെട്ടു

Latest News

ബംഗളൂരു:പ്രശസ്ത വാസ്തു വിദഗ്ധന്‍ ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടു.കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ പ്രസിഡന്‍റ് ഹോട്ടലില്‍വെച്ചാണ് ചന്ദ്രശേഖര്‍ ഗുരുജി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഹോട്ടലിലെത്തിയ രണ്ടുപേര്‍ റിസ്പഷനില്‍വെച്ച് ഗുരുജിയെ കുത്തിക്കൊല്ലുകയായിരുന്നു.മാരകമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കര്‍ണാടകയിലെ ടെലിവിഷന്‍ ചാനലുകളില്‍ ‘സരള വാസ്തു’ പരിപാടികള്‍ അവതരിപ്പിച്ചിരുന്ന ചന്ദ്രശേഖര്‍ ഗുരുജി വാസ്തു രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു.ആക്രമണം കണ്ട് ഭയന്ന് ഹോട്ടലിലെ വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ ഓടിമാറി. ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും കൊലയാളി സംഘത്തിലെ രണ്ടുപേരും ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഹോട്ടലില്‍നിന്ന് കടന്നുകളയുകയായിരുന്നു.വിവരമറിഞ്ഞ് ഹുബ്ബള്ളി പോലീസ് കമ്മീഷണര്‍ ലബ്ബുറാം അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. കൊലപാതകത്തിന്‍റെ പ്രേരകം എന്താണെന്ന് വ്യക്തമല്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *