വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസി(ഡിസ്ട്രിക്ട് ഓഫ് കൊളംബിയ)യ്ക്ക് സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം ശക്തമായി. ജനുവരി ആറിന് മുന്‍ പ്രസിഡന്റ് ട്രംപിന്റെ അനുയായികള്‍ നടത്തിയ കാപ്പിറ്റോള്‍ കലാപമാണ് ഇതിനു പ്രേരണയായിരിക്കുന്നത്.
കലാപം നിയന്ത്രിക്കാനായി അര്‍ധസൈനിക വിഭാഗമായ നാഷണല്‍ ഗാര്‍ഡുകളെ വിന്യസിക്കാന്‍ വാഷിംഗ്ടണ്‍ മേയര്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ അനുമതിക്കു കാത്തിരിക്കേണ്ടിവന്നു. സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് നേരിട്ട് ട്രൂപ്പുകളെ വിന്യസിക്കാന്‍ അധികാരമുണ്ട്. വാഷിംഗ്ടണ്‍ ഡിസിയെ 51ാം സംസ്ഥാനമാക്കണമെന്ന ആവശ്യത്തിന് നാലു പതിറ്റാണ്ടു പഴക്കമുണ്ട്. ഇതിനുള്ള ബില്‍ കഴിഞ്ഞ വര്‍ഷം ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയില്‍ പാസായിരുന്നു. പക്ഷേ, അന്നത്തെ ഭരണകക്ഷിയായ റിപ്പബ്ലിക്കന്മാര്ക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ ബില്‍ പരിഗണനയ്ക്കെടുത്തില്ല.
ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന് പ്രസിഡന്റായതിനു പിന്നാലെ ജനുവരിയില്‍ ഇരുസഭകളിലും ബില്‍ വീണ്ടും അവതരിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധിസഭയില്‍ പാസാകാമെങ്കിലും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും 50 വീതം തുല്യമായ സെനറ്റിലെ കാര്യം സംശയമാണ്. പരമ്പരാഗതമായി ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുന്ന വാഷിംഗ്ടണ്‍ ഡിസിയെ സംസ്ഥാനമാക്കുന്നതിനോട് റിപ്പബ്ലിക്കന്മാര്ക്കു താത്പര്യമില്ല. സെനറ്റില്‍ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കാനേ ഇതുപകരിക്കൂ എന്നവര്‍ക്കുറപ്പുണ്ട്. ഏഴു ലക്ഷത്തിലധികം വരുന്ന വാഷിംഗ്ടണിലെ ജനസംഖ്യ ചില സംസ്ഥാനങ്ങളെക്കാള്‍ കൂടുതലാണ്.