വാളയാര്‍ അണക്കെട്ടിലെ മണല്‍, മണ്ണ് വില്‍പ്പന ആരംഭിച്ചു

Top News

വാളയാര്‍ :വാളയാര്‍ അണക്കെട്ടില്‍നിന്ന് ഖനനം ചെയ്ത മണലിന്‍റെയും മണ്ണിന്‍റെയും വില്‍പ്പന ആരംഭിച്ചു. സംസ്ഥാനത്തെ നിര്‍മാണ സാമഗ്രികളുടെ ലഭ്യതകുറവ് പരിഹരിക്കാനാണ് വാളയാര്‍ ഡാമില്‍നിന്നുള്ള മണലിന്‍റെ വിതരണം തുടങ്ങിയത്.ഡാം ആഴം കൂട്ടാനും ചെളി നീക്കാനുമായി ആരംഭിച്ച ഡാം ഡീസില്‍റ്റ് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായാണ് മണലും കളിമണ്ണും ശേഖരിച്ചത്.മണല്‍ലോറികള്‍ എ.പ്രഭാകരന്‍ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തില്‍ ശേഖരിച്ച ഒരു ലക്ഷം ക്യൂബിക് മീറ്റര്‍ മണലും കളിമണ്ണുമാണ് പദ്ധതിയുടെ നടത്തിപ്പുച്ചുമതലയുള്ള കേരള സ്റ്റേറ്റ് മിനറല്‍ ഡവലപ്മെന്‍റ് കോര്‍പറേഷന്‍ മുഖേന വില്‍ക്കുന്നത്.
ആകെ 10 ലക്ഷം ക്യൂബിക് മീറ്റര്‍ മണ്ണും ചെളിയുമാണ് വാളയാര്‍ അണക്കെട്ടില്‍നിന്നും നീക്കുക. അണക്കെട്ട് ആഴം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ടെന്‍ഡര്‍ സ്വന്തമാക്കിയ സ്വകാര്യ ഏജന്‍സിക്കാണ് വില്‍പ്പനച്ചുമതല. അവന്തിക കോണ്‍ടാക് ലിമിറ്റഡാണ് ഖനനം നടത്തി മണലും ചെളിയും വേര്‍തിരിക്കാനുള്ള ടെന്‍ഡര്‍ സ്വന്തമാക്കിയിട്ടുള്ളത്. അണക്കെട്ടിലെ വെള്ളത്തിന്‍റെ ഗുണനിലവാരം ബാധിക്കാത്ത വിധത്തിലും പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യക്കര്‍ഷകരുടെ പുനരധിവാസവും ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *