ന്യൂഡല്‍ഹി: വായൂമലിനീകരണം അതിരൂക്ഷമായ രാജ്യതലസ്ഥാനങ്ങളുടെ ആഗോളപട്ടികയില്‍ ഒന്നാമതു ഡല്‍ഹി. സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐ.ക്യു. എയര്‍ എന്ന സംഘടന പുറത്തിറക്കിയ പട്ടികയിലെ ആദ്യ 30 നഗരങ്ങളില്‍ 22 എണ്ണവും ഇന്ത്യയില്‍.
2020ലെ ആഗോള വായൂഗുണനിലവാര റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങള്‍ കൂട്ടത്തോടെ ഇടംപിടിച്ചത്. ഏറ്റവും മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരങ്ങളില്‍ ആദ്യസ്ഥാനത്തെത്തിയ ഡല്‍ഹി, നഗരങ്ങളുടെ ആഗോളപട്ടികയില്‍ പത്താം സ്ഥാനത്താണ്. രാജ്യത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ബാക്കി 21 നഗരങ്ങളില്‍ പത്തെണ്ണം ഉത്തര്‍പ്രദേശിലാണ്. ഗാസിയാബാദ്, ബുലന്ദ്ശഹര്‍, ബിസ്റാഖ് ജനാല്പുര്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, കാണ്‍പുര്‍, ലഖ്നൗ, മീററ്റ്, ആഗ്ര, മുസഫറാനഗര് എന്നിവയാണ് പട്ടികയിലുള്ള യു.പി. നഗരങ്ങള്‍. ഫരീദാബാദ്, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, ബന്ദ്വാരി, ഗുരുഗ്രാം, യമുനാ നഗര്‍, റോത്തക്, ധരുഹേര നഗരങ്ങള്‍ സാന്നിധ്യമറിയിച്ച ഹരിയാന തൊട്ടുപിന്നിലുണ്ട്. രാജസ്ഥാനിലെ ഭിവാരി, ബിഹാറിലെ മുസഫര്‍പുര്‍ എന്നിവയാണ് ശേഷിക്കുന്ന രണ്ടു നഗരങ്ങള്‍. റിപ്പോര്‍ട്ടനുസരിച്ച് ചൈനയിലെ ഷിന്ജിയാങ്ങാണ് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളില്‍ ആദ്യസ്ഥാനത്ത്. ഗാസിയാബാദ് രണ്ടാമതെത്തിയപ്പോള്‍ ബുലന്ദ്ശഹര്‍ മൂന്നാമതാണ്. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വാഹനഗതാഗതം കുറഞ്ഞതോടെ ഡല്‍ഹിയിലടക്കം കഴിഞ്ഞവര്‍ഷം വായൂ, അന്തരീക്ഷ മലിനീകരണം കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. വാഹനഗതാഗതം, പാചകത്തിനായി വിറകു കത്തിക്കല്‍, വൈദ്യുതോല്‍പ്പാദനം, വ്യവസായങ്ങള്‍, നിര്‍മാണം, കാര്‍ഷിക മാലിന്യം ഉള്‍പ്പെടെ കത്തിക്കല്‍ എന്നിവയാണ് ഇന്ത്യയിലെ വായൂമലിനീകരണത്തിനു പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.