വായനാ സംസ്കാരത്തെ കാലത്തിനൊത്ത് പരിഷ്കരിക്കണമെന്ന് മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം : വായനാ സംസ്കാരത്തെ കാലത്തിനൊത്ത് പരിഷ്കരിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈബ്രറികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും മലയാളികളും ഗ്രന്ഥശാലകളും നൂതന സങ്കേതങ്ങളെ എത്രകണ്ടു കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുസ്തകം കൊണ്ടുപോയാല്‍ മാത്രമേ വായന നടക്കുമായിരുന്നുള്ളൂ എന്ന കാലത്തില്‍നിന്നു മാറി വായിക്കണമെന്നു തോന്നുന്ന പുസ്തകം വരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വായിക്കാന്‍ സമയമില്ലെങ്കില്‍ അവ വായിച്ചു കേള്‍പ്പിക്കുന്ന പോഡ്കാസ്റ്റിങ് സംവിധാനവുമുണ്ട്. കാലത്തിനനുസൃതമായി സ്വയം നവീകരിച്ച് വായനാ സംസ്കാരത്തെ പരിഷ്കരിക്കാന്‍ കഴിയണം.അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ വന്‍തോതില്‍ നടക്കുന്നതു തിരിച്ചറിയണം. അവയെ ചെറുക്കാന്‍ കഴിയുന്ന മൂര്‍ച്ചയേറിയ ആയുധമാണു വായന. പൊതുജനങ്ങള്‍ക്ക് ഒത്തുചേരാനും അവരുടെ വൈജ്ഞാനിക മണ്ഡലത്തെ വികസിപ്പിക്കാനും കഴിയുന്ന ഇടങ്ങളായി പുതിയ കാലത്തു ഗ്രന്ഥാലയങ്ങള്‍ മാറേണ്ടതുണ്ട്. വൈജ്ഞാനിക വികാസം മാത്രമല്ല, നമ്മള്‍ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കുന്ന ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും സാമൂഹ്യ മുന്നേറ്റത്തിനായി ജനങ്ങളെയാകെ സജ്ജീകരിക്കുന്നതിലും ലൈബ്രറികളിലൂടെ ഉയരുന്ന കൂട്ടായ്മകള്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി വരദ ആര്‍.പി. എഴുതിയ ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങള്‍ എന്ന പുസ്തകം ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, രാജ്യസഭാ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പ്രഫ. പി.ജെ. കുര്യന്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, എസ്. സുരേഷ്, ഷമ്മി ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *