ചെന്നൈ: ശനിയാഴ്ച അന്തരിച്ച മലയാളത്തിന്‍റെ പ്രിയഗായിക വാണി ജയറാമിന് രാജ്യം വിടനല്‍കി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ തങ്ങളുടെ പ്രിയ ഗായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കിയ പ്രിയഗായികയെ ഇന്നലെ രാവിലെ ചെന്നൈ നുങ്കംപാക്കത്തെ വസതിയില്‍ മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടത്. ഭര്‍ത്താവ് ജയറാമിന്‍റെ മരണശേഷം മൂന്നു വര്‍ഷമായി ഒറ്റയ്ക്കായിരുന്നു താമസം. രാവിലെ 11 മണിയോടെ ജോലിക്കാരി എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല. അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി. ബന്ധുക്കള്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ തകര്‍ത്ത് കയറിയപ്പോള്‍ നിലത്ത് കിടക്കുകയായിരുന്നു. നെറ്റിയില്‍ മുറിവുണ്ടായിരുന്നു. കട്ടിലിനടുത്തുണ്ടായിരുന്ന ടീപ്പോയിയില്‍ തലയിടിച്ചു വീണതാകാമെന്നാണ് നിഗമനം. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രിയോടെയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്.