ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണ കമ്ബനികള്‍ പിന്‍വലിച്ചു. ഇതോടെ വിപണിവിലയ്ക്ക് തന്നെ ഡീലര്‍മാര്‍ സിലിണ്ടറുകള്‍ വില്‍ക്കേണ്ടിവരും.നടപടിയെത്തുടര്‍ന്ന് ഹോട്ടലുകള്‍ അടക്കം പുതിയ വിലയ്ക്ക് പാചകവാതകം വാങ്ങാന്‍ നിര്‍ബന്ധിതരാകും. ഇന്‍സെന്‍റീവ് ഉള്ളതിനാല്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്.
നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് പരമാവധി 240 രൂപവരെ എണ്ണകമ്ബനികള്‍ ഇന്‍സെന്‍റീവ് നല്‍കിയിരുന്നു. ഇന്‍സെന്‍റീവ് പിന്‍ലവലിച്ചതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വില്‍പ്പന വില 1748 രൂപയായി ഉയര്‍ന്നു. നേരത്തെ 1508 രൂപയായിരുന്നു വില.
അതേസമയം, ഇന്‍സെന്‍റീവ് നിര്‍ത്തലാക്കിയത് സിലിണ്ടര്‍ വിതരണ ഏജന്‍സികള്‍ക്ക് ഗുണകരമാണെന്നും വിതരണക്കാര്‍ക്ക് വില്‍പ്പന കൂടുമെന്നും ഏജന്‍സി ഉടമകള്‍ അഭിപ്രായപ്പെടുന്നു. വില കുറച്ച് ഡിസ്കൗണ്ട് കൂട്ടുന്ന വിതരണക്കാരുടെ രീതിയ്ക്ക് ഇതോടെ അവസാനമാകുമെന്നും ഇവര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നു.