വാട്സ്ആപ്പിന് സ്വദേശി പകരക്കാരന്‍;
‘സന്ദേശ്’ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി

Latest News Uncategorized

ന്യൂഡല്‍ഹി: വാട്സ്ആപ്പിന് ബദലായി മേസേജിങ് ആപ്ലിക്കേഷന്‍ ‘സന്ദേശ്’ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കേന്ദ്ര ഐ.ടിഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ട്വിറ്ററിന് ബദലായി ‘കൂ’ ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനും ഒരു സ്വദേശി പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വാട്സ്ആപ്പിന് ഒരു ബദല്‍ ഇറക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്‍ററാണ് (എന്‍.ഐ.സി) ആപ്പ് തയാറാക്കിയത്. സര്‍ക്കാര്‍ ഐ.ടി സേവനങ്ങളും ഡിജിറ്റല്‍ ഇന്ത്യയുടെ ചില സംരംഭങ്ങളും വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് എന്‍.ഐ.സിയാണ്.
മൊബൈല്‍ നമ്പറോ ഇമെയില്‍ ഐ.ഡിയോ ഉപയോഗിച്ച് പ്ലാറ്റ്ഫോം ഉപയേഗപ്പെടുത്താനാകും. സുരക്ഷാ ഭീഷണിയുള്ള വാട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളില്‍ നിന്ന് സംരക്ഷിച്ച് നിര്‍ത്തുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ നേരത്തെ ആപ്പ് ഉപയോഗിച്ച് തുടങ്ങിയിരുന്നു. നിലവില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മെസേജുകള്‍ അയക്കാനായി പുതിയ പ്ലാറ്റ്ഫോം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
ഐഒഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ സന്ദേശ് ആപ്പ് ഉപയോഗിക്കാനാകും. മറ്റ് ചാറ്റിങ് അപ്ലിക്കേഷനുകളെ പോലെ വോയിസ് സന്ദേശങ്ങളും ഡാറ്റ സന്ദേശങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്സ്ആപ്പിലുള്ളത് പോലെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ പിന്തുണയും സന്ദേശിലുണ്ട്. ആപ്പിന് വേണ്ട സര്‍വറും ഇന്ത്യക്കുള്ളില്‍ തന്നെയായിരിക്കും. അതിലെ വിവരങ്ങള്‍ സര്‍ക്കാരിന്‍െറ കീഴിലുള്ള ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *