വാക്സിന്‍ എടുക്കാത്ത അദ്ധ്യാപകരുടെ പേര് ഇന്ന് പരസ്യപ്പെടുത്തും; മന്ത്രി ശിവന്‍കുട്ടി

Kerala

തിരുവനന്തപുരം: കൊവിഡ് വാക്സിന്‍ എടുക്കാത്ത അദ്ധ്യാപകരുടെ ലിസ്റ്റ് ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തു വിടുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.രാജ്യത്ത് ഒമിക്രോണ്‍ സ്ഥീരികരിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. ‘വാക്സിനെടുക്കാത്ത അദ്ധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തുവിടും. ഏത് നിലയില്‍ എത്രപേര്‍ വാക്സിനെടുത്തില്ല എന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കും. വാക്സിനെടുക്കാത്ത അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വാക്സിനെടുക്കാന്‍ കഴിയാത്തവര്‍ ആഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ മന്ത്രി പറഞ്ഞു.വാക്സിന്‍ എടുക്കാത്ത അദ്ധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല.
ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ അതിന്‍റെ തെളിവ് ഹാജരാക്കണമെന്നും കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് വേണ്ടതെല്ലാം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാക്സിനെടുക്കാത്ത അദ്ധ്യാപകര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്ന അദ്ധ്യാപകരെ പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *