ആലുവ: നഗരസഭയിലെ 18 വയസ്സിനു മുകളിലുള്ള മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്സിനേഷന്‍റെ ആദ്യ ഡോസ് പൂര്‍ത്തിയാകുമ്പോള്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനവും മാതൃകയാകുന്നു. ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലാണ് ആലുവ നഗരസഭയിലെ 18 വയസ്സിന് മുകളില്‍ പ്രായം ഉള്ളവര്‍ക്ക് വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചത്. 2021 ജനുവരി മുതലാണ് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഹാളില്‍ ആദ്യം കോവിഷീല്‍ഡ് വാക്സിനും തുടര്‍ന്ന് കോവാക്സിനും വിതരണം ആരംഭിച്ചത്.
പിന്നീട് തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ കോവിഷീല്‍ഡ് വാക്സിനേഷന് വേണ്ടി നഗരസഭ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരത്തില്‍ വാക്സിനേഷന്‍ സര്‍വ്വേ നടത്തി ഒന്നാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഓരോ വാര്‍ഡുകള്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ച് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുഖേന ടോക്കണ്‍ നല്‍കി വാക്സിന്‍ വിതരണം സുഗമമാക്കി. കോവിഡ് ബാധിതരായി നെഗറ്റീവ് ആയ ശേഷം 90 ദിവസം പൂര്‍ത്തിയാക്കാത്തവരും വിവിധ കാരണങ്ങളാല്‍ വാക്സിനേഷനോട് വിമുഖത കാട്ടിയവരും ഒഴികെ 18 വയസ്സിന് മുകളിലുള്ളവര്‍ക്കെല്ലാം ഒന്നാം ഡോസ് വാക്സിന്‍ നല്‍കി.
പാലിയേറ്റീവ് രോഗികള്‍, കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരില്‍ ക്യാമ്പുകളില്‍ എത്തുവാന്‍ കഴിയാത്തവര്‍ക്ക് വീടുകളില്‍ എത്തി വാക്സിന്‍ നല്‍കി.