ന്യൂഡല്‍ഹി: രാജ്യത്തെ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഉന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍കെ പുരസ്കാരം പ്രശസ്ത നടി വഹീദ റഹ്മാന്. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും ലഭിച്ച വഹീദ റഹ്മാന്‍ അഞ്ചു പതിറ്റാണ്ടായി അഭിനയ രംഗത്തുണ്ട്.ഗൈഡ്,പ്യാസ, കാഗസ് കെ ഫൂല്‍, ചൗധ്വി കാ ചാന്ദ്, സാഹിബ് ബീബി ഔര്‍ ഗുലാം, റാം ഔര്‍ ശ്യാം, രേഷ്മ ഔര്‍ ഷേര,നീല്‍ കമല്‍ , ഖാമോഷി തുടങ്ങിയവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. രേഷ്മ ഔര്‍ ഷേരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 1965ല്‍ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യമായി ഫിലിംഫെയര്‍ പുരസ്കാരം വഹീദാ റഹ്മാനെ തേടിയെത്തി. 1968ല്‍ നീല്‍കമലിലൂടെ രണ്ടാമതും ഫിലിംഫെയര്‍ പുരസ്കാരത്തിന് അര്‍ഹയായി. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന വഹീദ 1955ല്‍ റോജുലു മറായി എന്ന തെലുങ്കുചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നല്ലൊരു നര്‍ത്തകി കൂടിയായ വഹീദ 1955-ല്‍ സിഐഡി എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയാണ്. അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ താരറാണിയായിരുന്നു.ഒരിടവേളക്കുശേഷം 2002ല്‍ ഓം ജയ് ജഗദീഷ് എന്ന ചിത്രത്തിലൂടെയാണ് തിരികെ വെള്ളിത്തിരയിലെത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും വിദ്യാഭ്യാസപ്രവര്‍ത്തനത്തിലും തല്‍പരയായ വഹീദ റഹ്മാന്‍ ദാരിദ്ര്യത്തിനെതിരെ പോരാടുന്ന രംഗ് ദേ എന്ന സംഘടനയുടെ അംബാസഡറുമാണ് .
