വഡോദര: വ്യോമയാന മേഖലയില്‍ സ്വാശ്രയത്വത്തിലേക്കുള്ള ഇന്ത്യയുടെ വന്‍ കുതിച്ചുചാട്ടമാണിതെന്നും ഭാവിയില്‍ വലിയ പാസഞ്ചര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാലം വരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗുജറാത്തിലെ വഡോദരയില്‍ വിമാന നിര്‍മാണ കേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.ഇന്ത്യയുടെ പ്രതിരോധ എയ്റോസ്പേസ് മേഖലയില്‍ ഇത്രയും വലിയ നിക്ഷേപം നടക്കുന്നത് ആദ്യമായാണ്. തന്‍റെ സര്‍ക്കാര്‍ വര്‍ഷങ്ങളായി നിരവധി സാമ്ബത്തിക പരിഷ്കാരങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ പരിഷ്കാരങ്ങള്‍ ഉല്‍പ്പാദന മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുകയും അതിന് ഉത്തേജനം നല്‍കുകയും ചെയ്തതായും മോദി അവകാശപ്പെട്ടു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വ്യോമയാന മേഖല ഇന്ത്യയിലാണ്. വ്യോമഗതാഗതത്തിന്‍റെ കാര്യത്തില്‍ ആഗോളതലത്തില്‍ ആദ്യ മൂന്ന് രാജ്യങ്ങളില്‍ നമ്മള്‍ എത്താന്‍ പോകുകയാണെന്നും മോദി പറഞ്ഞു. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കിടയിലും കോവിഡും യുക്രെയ്ന്‍ യുദ്ധവും സൃഷ്ടിച്ച കലുഷിത സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യ ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ചയുടെ കുതിപ്പിലാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ടാറ്റ സണ്‍സ് ചെയര്‍പേഴ്സണ്‍ എന്‍. ചന്ദ്രശേഖരനും ചേര്‍ന്ന് സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് നിര്‍മ്മാണ കേന്ദ്രത്തില്‍ പ്രധാനമന്ത്രിയെ ആദരിച്ചു.
ചരിത്രത്തിലാദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേന വിമാനങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ വ്യോമസേനക്കായി സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വന്‍ എയര്‍ബസും ടാറ്റയുടെ പ്രതിരോധ നിര്‍മാണ വിഭാഗമായ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസും ആണ് കൈകോര്‍ക്കുന്നത്. 40 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനു പുറമേ, വഡോദരയിലെ ഈ സൗകര്യം വ്യോമസേനയുടെ ആവശ്യങ്ങള്‍ക്കും കയറ്റുമതിക്കുമായി അധിക വിമാനങ്ങള്‍ നിര്‍മിക്കും.