വയോധിക ചതുപ്പില്‍ കുടുങ്ങിക്കിടന്നത് നാല് മണിക്കൂറുകളോളം

Top News

കൊച്ചി: മരണത്തെ മുഖാമുഖം കണ്ട് വയോധിക ചതുപ്പില്‍ കുടുങ്ങിക്കിടന്നത് നാല് മണിക്കൂറുകളോളം. മരടിലാണ് ദാരുണമായ സംഭവം നടന്നത്. മരട് നിവാസിയായ 76 വയസ്സുള്ള മത്സ്യത്തൊഴിലാളിയായ കമലാക്ഷി അമ്മയാണ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചതുപ്പില്‍ കുടുങ്ങിയത്. നാല് മണിക്കൂറോളമാണ് ഇവര്‍ ചതുപ്പില്‍ പുതഞ്ഞു കിടന്നത്. പ്രദേശവാസികള്‍ കണ്ടെത്തി ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചാണ് ചെളിയില്‍ നിന്ന് വൃദ്ധയെ പുറത്ത് എടുത്തത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മരട് മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 21-ല്‍ മാലിന്യം നിക്ഷേപിക്കുന്ന ചതുപ്പ് സ്ഥലത്തേക്ക് കമലാക്ഷി അമ്മ അറിയാതെ വീഴുകയായിരുന്നു. കഴുത്തോളം ചെളിയില്‍ മുങ്ങിയ വയോധിക ഒരു മരക്കൊമ്പില്‍ തൂങ്ങിപ്പിടിച്ചാണ് നാല് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. പ്രദേശവാസിയായ സീനയാണ് ആദ്യം കമലാക്ഷി അമ്മയെ കാണുന്നത്. അത് വരെ ചതുപ്പില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വീടിന് പുറത്ത് ഉണങ്ങാനിട്ട തുണികളെടുക്കാനായി എത്തിയ സീന ചെറിയ അനക്കം കേട്ട് നോക്കുമ്പാഴാണ് ചതുപ്പില്‍ കുടുങ്ങി എഴുന്നേല്‍ക്കാനാവാതെ അവശയായ കമലാക്ഷി അമ്മയെ കാണുന്നത്. ഉടനെ തന്നെ നാട്ടുകാരേയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ സംഘം ചതുപ്പില്‍ നിന്നും വയോധികയെ പുറത്തെത്തിച്ചു. ചേറില്‍ മുങ്ങി അവശയായ നിലയിലായിരുന്നു ഇവര്‍. കമലാക്ഷി അമ്മയ്ക്ക് വെള്ളം നല്‍കി ശരീരത്തെ ചളിയെല്ലാം കളഞ്ഞ് ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതി വീണ്ടെടുത്ത 76 വയസ്സുകാരി ആശുപത്രി വിട്ടു. സീന എന്ന പ്രദേശവാസിയുടെ ഇടപെടല്‍ ആണ് വയോധികയുടെ ജീവന്‍ തിരിച്ച് കിട്ടാന്‍ നിര്‍ണായകമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *