വയോധികയെ കൊന്ന് മച്ചിലൊളിപ്പിച്ചു; മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

Kerala

. അമ്മയ്ക്കും മകനും സുഹൃത്തിനുമാണ് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. വീട്ടിലേക്ക് ശാന്തകുമാരിയെ വിളിച്ചുവരുത്തി സ്വര്‍ണാഭരണം മോഷ്ടിച്ചശേഷം കൊലപ്പെടുത്തി മച്ചിന് മുകളില്‍ സൂക്ഷിച്ച കേസിലാണ് വധശിക്ഷ. വിഴിഞ്ഞം സ്വദേശിയായ റഫീക്ക ബീവി , മകന്‍ ഷെഫീഖ്, സുഹൃത്തായ അല്‍ അമീന്‍ എന്നിവര്‍ക്കാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എം. ബഷീര്‍ വധശിക്ഷ വിധിച്ചത് 14വയസ്സുകാരിയെ തലക്കടിച്ച് കൊന്ന മറ്റൊരു കേസിലും അമ്മയും മകനും വിചാരണ നേരിടുകയാണ്.വിഴിഞ്ഞം സ്വദേശിയായ 71 വയസ്സുകാരി ശാന്തകുമാരിയുടെ വീട്ടില്‍ വാടകക്ക് താമസിച്ചവരാണ് പ്രതികള്‍. ശാന്തകുമാരി തൊട്ടടുത്തുള്ള വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. ഭര്‍ത്താവ് നേരത്തെ മരിച്ചു. മകന്‍ ഹോട്ടല്‍ വ്യവസായിയും മകള്‍ ആന്ധ്രപ്രദേശിലുമാണ്.
2022 ജനുവരി 14നാണ് പ്രതികള്‍ ശാന്തകുമാരിയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം വീടിന്‍റെ മച്ചിന് മുകളില്‍ വച്ചശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് റഫീക്കയുടെ സുഹൃത്തും ഈ വീട്ടിലെ താമസക്കാരനുമായിരുന്ന അല്‍ അമിന്‍റെ പാലക്കാടുള്ള വീട്ടിലേക്ക് വസ്ത്രങ്ങളെല്ലാം മാറ്റിയിരുന്നു. ശാന്തകുമാരിയെ റഫീക്കയാണ് വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തിയത്. മകന്‍ ഷെഫീക്ക് ചുറ്റിക കൊണ്ട് തലക്കടിച്ചു. കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം ഒളിപ്പിച്ചത്.
ശാന്തകുമാരിയെ കാണാതായതിനെ തുടര്‍ന്നാണ് അന്വേഷണം നാട്ടുകാര്‍ തുടങ്ങിയത്.വാടകക്കാരെയും കാണാതായതോടെ സംശയം ബലപ്പെട്ടു. ടൂറിസ്റ്റ് ബസ്സില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതികളെ കഴക്കൂട്ടത്ത് വച്ച് വിഴിഞ്ഞം പൊലിസ് പിടികൂടി. വിഴിഞ്ഞം പോലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ശശി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കിയ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ.അജികുമാര്‍ കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *